പമ്പാവാലി, ഏഞ്ചല്‍വാലി,തട്ടേക്കാട് മേഖലകളെ ബഫർസോൺ പരിധിയിൽ നിന്നൊഴുവാക്കും ;മന്ത്രി എ കെ ശശീന്ദ്രൻ 

തിരുവനന്തപുരം :തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തുള്ള ജനവാസ മേഖലകളെയും പെരിയാര്‍ കടുവാ സങ്കേതത്തില്‍പ്പെട്ട പമ്പാവാലി, ഏഞ്ചല്‍വാലി സെറ്റില്‍മെന്റുകളെയും സങ്കേതത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ കൂടിയാലോചിക്കുന്നതിനായി സെക്രട്ടേറിയേറ്റിലെ ചേയ്മ്പറില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ കോതമംഗലം എല്‍.എല്‍.എ ആന്റണി ജോണ്‍, പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരും പങ്കെടുത്തു.ദേശീയ വന്യജീവി ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പമ്പാവാലി, ഏഞ്ചല്‍വാലി സെന്റില്‍മെന്റ് പ്രദേശത്തിനും തട്ടേക്കാട് സെറ്റില്‍മെന്റ് പ്രദേശത്തിനും ഉചിതമായ ആക്ഷന്‍ പ്ലാനുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ആ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വസ്തു വകകള്‍ സ്വതന്ത്രമായി ഉപയോഗിക്കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല.കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ ജനപ്രതിനിധികളില്‍ നിന്നും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുന്നതിനും ഇതിനായി പ്രത്യേകം സമിതികള്‍ രൂപീകരിക്കുന്നതിനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.സമിതികള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച ശേഷം കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സര്‍ക്കാര്‍ വിശദമായി പരിശോധിച്ച ശേഷം ദേശീയ വന്യജീവി ബോര്‍ഡിന് സമര്‍പ്പിക്കാനാണ് തീരുമാനം.സമിതിയില്‍ വനം വകുപ്പുമന്ത്രി ചെയര്‍മാനായിരിക്കുന്നതും ബന്ധപ്പെട്ട എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുന്നതാണ്. കൂടാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമിതിയുടെ കണ്‍വീനര്‍ ആയിരിക്കും.ഈ പ്രദേശങ്ങളെ ബന്ധപ്പെട്ട വന്യജീവി സങ്കേതങ്ങളുടെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുന്നതിനായി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര വന്യജീവി ബോര്‍ഡിനും നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ആയത് പൂര്‍ണ്ണമായും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.യോഗത്തില്‍ വനം വകുപ്പില്‍ നിന്നും വനം അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് അലം, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ ഫീല്‍ഡ് ഡയറക്ടര്‍ പി.പി പ്രമോദ് തുടങ്ങിയ മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!