എരുമേലി : ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള
പദ്ധതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച എരുമേലിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പൊതു തെളിവെടുപ്പിൽ വിമാനത്താവളം വരണമെന്ന് ഭൂരിപക്ഷ അഭിപ്രായം .എന്നാൽ ചെറുവള്ളി എസ്റ്റേറ്റിൽ മാത്രം ഒതുങ്ങുന്ന രീതിയാണ് കൂടുതൽ നല്ലതെന്ന് പ്രദേശവാസികളിൽ നിന്നും പ്രതികരണം . വിമാനത്താവളം
വരുന്നതിൽ എല്ലാവരും തന്നെ അനുകൂലിച്ചെങ്കിലും, സ്ഥലം കൊടുക്കേണ്ടിവന്നവരിൽ
നിന്നും വലിയ വിമർശനങ്ങളും ഉയർന്നു. പലതും സുതാര്യമല്ല
റിപ്പോർട്ടിൽ എന്നായിരുന്നു പ്രധാന ആക്ഷേപം.
നിലവിൽ ഹൈക്കോടതിയിൽ കേസിലായിരിക്കുന്ന വിമാനത്താവള
പദ്ധതിയ്ക്ക് പൊതുജന ഹിയറിങ്ങ് നടത്തുന്നത് കോടതിയലക്ഷ്യമാണെന്നുള്ള
ആക്ഷേപം ഉയർന്നു . പദ്ധതിയുടെ നിർമാണത്തിൽ നേരിടേണ്ടി
വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നിരവധി പേർ ഉന്നയിച്ചു. ചെറുവള്ളി
എസ്റ്റേറ്റ് മാത്രം ഏറ്റെടുത്ത് വിമാനത്താവള പദ്ധതി നടപ്പിലാക്കണമെന്നാണ്
ഹിയറിങ്ങിൽ എല്ലാവരും പൊതു അഭിപ്രായമായി ഉന്നയിച്ചത്. ഈ ഹിയറിങ്ങ് പ്രശ്ന
പരിഹാര വേദി അല്ലന്നും ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങൾ സർക്കാരിന്
സമർപ്പിക്കുമെന്നും ഹിയറിങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച എഡിഎം എസ്
ശ്രീജിത്ത് പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ നിർദിഷ്‌ട
പദ്ധതിയുടെ പാരിസ്ഥിതീക പഠനത്തിന്റെ റിപ്പോർട്ട് ഹിയറിങ്ങിൽ എൻവയോൺമെന്റൽ എഞ്ചിനീയർ സ്മിത സേവ്യർ വായിച്ചു. തുടർന്നാണ് ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ആരാഞ്ഞത് .
ഭരണ ഭാഷ മലയാളം ആയിരിക്കെ സാധാരണക്കാർക്ക് വശമില്ലാത്ത
ഇംഗ്ലീഷ് ഭാഷയിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് വിവരങ്ങൾ മറച്ചു വെക്കൽ
ആണെന്നും മലയാളത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ചാരുവേലി
സ്വദേശി പ്രസാദ് ആവശ്യപ്പെട്ടു. പാരിസ്ഥിതീക ആഘാത പഠനം നടത്താൻ കേന്ദ്ര
അനുമതി ലഭിക്കും മുമ്പേ പഠനം നടത്തിയെന്നും പ്രസാദ് ആക്ഷേപം ഉന്നയിച്ചു.
ഹൈക്കോടതി തടഞ്ഞിരിക്കുന്ന പദ്ധതിയ്ക്ക് ഹിയറിങ്ങ് നടത്തുന്നതെന്ന്
നിയമവിരുദ്ധമാണെന്നും ആക്ഷേപം ഉയർന്നു .
മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠന റിപ്പോർട്ടിൽ പദ്ധതി
പ്രദേശത്ത് തണ്ണീർത്തടങ്ങൾ ഇല്ലന്നുള്ളത് കളവാണെന്ന് ഹിയറിങ്ങിൽ ആക്ഷേപം
ഉയർന്നു. മിനി ആന്റണി കോട്ടയം ജില്ലാ കളക്ടർ ആയിരിക്കെ എരുമേലി, മണിമല
പഞ്ചായത്തുകൾക്ക് ചെറുവള്ളി എസ്റ്റേറ്റിലെ തണ്ണീർത്തടങ്ങൾ ഉൾപ്പടെ
ഏറ്റെടുത്തു നടത്താൻ ഫണ്ട് അനുവദിച്ചതിന്റെ രേഖ ഹിയറിങ്ങിൽ തെളിവായി
സമർപ്പിച്ചാണ് ആക്ഷേപം ഉന്നയിച്ചത്.
രണ്ട് കോടി 80 ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് ഇടിച്ചു നിരത്തി
എടുത്തു മാറ്റേണ്ടി വരുമെന്നാണ് പദ്ധതി റിപ്പോർട്ടിൽ ഉള്ളതെന്നും ഇത്
ഗുരുതരമായ പരിസ്ഥിതി നാശം സൃഷ്‌ടിക്കുമെന്നും ഹിയറിങ്ങിൽ ആക്ഷേപം ഉയർന്നു.
172 മീറ്റർ ഉയരമുള്ള കുന്നുകൾ ആണ് ഇടിച്ചു നിരത്തേണ്ടി വരുന്നതെന്ന് പഠന
റിപ്പോർട്ടിൽ പറയുന്നു. പദ്ധതി നിർമാണത്തിന് ഒരു ദിവസം 51 ലക്ഷം ലിറ്റർ
വെള്ളം വേണമെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ പകുതി വെള്ളം ജല അതോറിറ്റി
നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബാക്കി
വെള്ളം എവിടെ നിന്ന് കണ്ടെത്തുമെന്ന് റിപ്പോർട്ടിൽ ഇല്ല. .നഷ്‌ട
പരിഹാര പാക്കേജ് സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളും ഹിയറിങ്ങിൽ ഉയർന്നു. എങ്ങുമെത്താതെ പദ്ധതി അനിശ്ചിതമായി നീളുന്നത് മൂലം സ്ഥലം വിൽക്കാനോ വാങ്ങാനോ വായ്പ എടുക്കാനോ
ഒന്നിനും കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാർ വലയുകയാണെന്നും പദ്ധതിയ്ക്ക്
ആവശ്യമായ സ്ഥലത്തിലും കൂടുതൽ ഉള്ള ചെറുവള്ളി എസ്റ്റേറ്റ് മാത്രം
ഏറ്റെടുത്ത് പദ്ധതി നടത്തണമെന്നും ഹിയറിങ്ങിൽ ആവശ്യം ഉയർന്നു. പൊതുജനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരായ എറണാകുളം റീജിയണൽ എഞ്ചിനീയർ ബാബുരാജ് , കൂടാതെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും
പദ്ധതിയുടെ കൺസൽട്ടിങ് ഏജൻസിയായ ലൂയി ബഗർ പ്രതിനിധി ഡി പി ആർ കോൺസൾട്ടന്റ് മുഹമ്മദ് അക്തർ ,പ്രൊജക്റ്റ് എക്സ്പെർട്ട് ദിൽഖുഷ് എസ് എന്നിവരും സർവേ വിഭാഗം ഉദ്യോഗസ്ഥരും ഹിയറിങ്ങിൽ പങ്കെടുത്തു.
