ന്യൂദല്‍ഹി: പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് യുപിഐ വഴിയും പണം പിന്‍വലിക്കാനുള്ള വഴിയൊരുക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ്
ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) ഏപ്രിലില്‍ പുതിയ മൊബൈല്‍ ആപ്പിന് രൂപം
നല്‍കുന്നുണ്ട്. ഇത് പ്രവര്‍ത്തനക്ഷമം ആകുന്നതിനൊപ്പം പണം പിന്‍വലിക്കാന്‍
യുപിഐയും ഉപയോഗിക്കാന്‍ സാധിക്കും.പുതിയ സംവിധാനത്തില്‍
അംഗങ്ങള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ പിന് ഉപയോഗിച്ച്
പണം ഉടന്‍ കൈമാറാന്‍ സാധിക്കും. ഒരിടപാടില്‍ പരമാവധി 25,000 രൂപ വരെയാണ്
പിന്‍വലിക്കാന്‍ സാധിക്കുക. നിലവില്‍ പിഎഫ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍
എടുക്കുന്ന സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം
കൊണ്ടുവരുന്നത്.അതേസമയം വിരമിക്കല്‍ കാലത്തെ സുരക്ഷക്ക്
നീക്കിവെക്കുന്നതിനായി മൊത്തം ബാലന്‍സിന്റെ 25 ശതമാനം തുക മാത്രമേ
പിന്‍വിക്കാന്‍ സാധിക്കൂ. ബാക്കിയുള്ള തുക അംഗങ്ങള്‍ക്ക് അവരുടെ
ആവശ്യാനുസരണം പിന്‍വലിക്കാം. ചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീട്
നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താം.
എട്ട് കോടിയോളം വരുന്ന ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് പുതിയ സംവിധാനത്തിന്റെ
പ്രയോജനം ലഭിക്കും. ഇത് നടപ്പിലാക്കുന്നതിന് മുന്നോടിയായി 100 ഡമ്മി
അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ കേന്ദ്രമന്ത്രാലയം
നടത്തിവരികയാണ്. പുതിയ ആപ്പ് വരുന്നതോടൊപ്പം തന്നെ നിലവിലുള്ള ഉമംഗ് ആപ്പും
പോര്‍ട്ടലും തുടര്‍ന്നും പ്രവര്‍ത്തിക്കും. ഓട്ടോ- സെറ്റില്‍മെന്റ് പരിധി
ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി നേരത്തെ തന്നെ സര്‍ക്കാര്‍
ഉയര്‍ത്തിയിട്ടുണ്ട്
