തിരുവനന്തപുരം : 05 ഫെബ്രുവരി 2026
കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് (MY Bharat) കേന്ദ്ര ബജറ്റിനെ കുറിച്ച് യുവജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും നേരിട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി പങ്കുവെക്കാനുള്ള അപൂർവ അവസരമൊരുക്കുന്നു. മൈ ഭാരത് ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന “മൈ ഭാരത് ബജറ്റ് ക്വസ്റ്റ്” മത്സരത്തിൽ 15 മുതൽ 29 വയസുവരെ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. https://mybharat.gov.in/ പോർട്ടൽ വഴിയാണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. 2026 ഫെബ്രുവരി 3 മുതൽ 17 വരെ മേരാ യുവ ഭാരത് (MY Bharat) പ്ലാറ്റ്ഫോമിൽ നടക്കുന്ന ഡിജിറ്റൽ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ യുവതീ യുവാക്കൾക്ക് തുടർ ഘട്ടങ്ങളിലേക്ക് യോഗ്യത നേടാം. ആദ്യ ഘട്ടത്തിൽ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കിയുള്ള ഓൺലൈൻ ക്വിസ് മത്സരം നടത്തും. ഇതിൽ വിജയിക്കുന്നവർക്ക് ഉപന്യാസ രചന മത്സരത്തിലേക്ക് പ്രവേശനം ലഭിക്കും. മത്സരത്തിൽ സംസ്ഥാനതല വിജയികളാകുന്നവർക്ക്, കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രധാനമന്ത്രിയുമായി ഓൺലൈൻ സംവാദത്തിൽ പങ്കെടുക്കാനുള്ള അപൂർവ അവസരം ലഭിക്കും. രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും, ദേശീയ തലത്തിൽ ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള മികച്ച അവസരമാണിത്. കൂടുതൽ വിവരങ്ങൾക്ക് മൈ ഭാരത് പ്ലാറ്റ്ഫോം (https://mybharat.gov.in/) അല്ലെങ്കിൽ സമീപത്തെ മൈഭാരത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം.