കാഞ്ഞിരപ്പള്ളികൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോർഡ് മുഖേന 2 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ നിലവിലുള്ള ഓഫീസ് വളരെ അസൗകര്യങ്ങൾ ഉള്ളതാണ്. അതിലുപരി 2021ലെ പ്രളയത്തിൽ പഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നിലയിൽ വരെ വെള്ളം കയറുകയും കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയാണ് ഇപ്പോൾ പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ച് വരുന്നത്. മതിയായ ഹാൾ സൗകര്യമോ , പഞ്ചായത്ത് ഭരണസമിതി യോഗം ചേരുന്നതിനുള്ള ശരിയായ സൗകര്യങ്ങളോ ഒന്നും ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് ഇല്ല. ഈ പരിമിതികളും അസൗകര്യങ്ങളും എല്ലാം കണക്കാക്കി പഞ്ചായത്ത് ഓഫീസിന് പുതിയ ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിന് മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തിൽ ബിജോയ് ജോസ് മുണ്ടുപാലം പ്രസിഡണ്ടായിരുന്ന അവസരത്തിൽ പൊതുജനങ്ങളുടെ കൂടി സഹകരണത്തോടെ 30 സെന്റ് സ്ഥലം സൗകര്യപ്രദമായ സ്ഥലത്ത് വാങ്ങിയിട്ടുണ്ട്. ഈ സ്ഥലത്താണ് പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മിക്കുക. പഞ്ചായത്ത് ഓഫീസിന്റെ എല്ലാ പ്രവർത്തനങ്ങളും, കൂടാതെ അനുബന്ധ ഘടക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പൊതുജനങ്ങളുടെ പഞ്ചായത്തുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള സൗകര്യങ്ങളും എല്ലാം ഉൾപ്പെടുത്തി പുതിയ പഞ്ചായത്ത് ആസ്ഥാനമന്ദിരം രൂപകൽപ്പന ചെയ്യുക എന്നും എംഎൽഎ കൂട്ടിച്ചേർത്തു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ ആദ്യം പൂഞ്ഞാർ ഗ്രാമപഞ്ചായത്തിന് ആസ്ഥാന മന്ദിരം നിർമ്മിച്ചു നൽകിയെന്നും ഇപ്പോൾ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് പുതിയ ആസ്ഥാനമന്ദിരത്തിന് ഫണ്ട് അനുവദിക്കുകയും ഇതിനു മുൻപ് തന്നെ ഈരാറ്റുപേട്ട നഗരസഭയ്ക്ക് പുതിയ ആസ്ഥാന മന്ദിരത്തിന് 9 കോടി രൂപയും അനുവദിച്ചിരുന്നു. ഭാവിയിൽ നിയോജക മണ്ഡലത്തിലെ മറ്റ് തദ്ദേശസ്ഥാപനങ്ങൾക്കും ആധുനിക സൗകര്യങ്ങളോടെയുള്ള ആസ്ഥാന മന്ദിരങ്ങൾ നിർമ്മിക്കുന്നതിന് പ്രൊപ്പോസലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.