എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് പമ്പയാറിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ആയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മൂലക്കയം പ്രദേശത്തെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പമ്പയാറിന്റെ മറുകരയിൽ കാണാവുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠനം നടത്തുന്നത്. എന്നാൽ ഈ വിദ്യാർത്ഥികൾക്ക് പമ്പയാറിൽ പാലം ഇല്ലാതിരുന്നതുമൂലം കിലോമീറ്റർ ചുറ്റി സഞ്ചരിച്ച് എയ്ഞ്ചൽ വാലി, കണമല വഴി മാത്രമേ സ്കൂളിലെത്താൻ കഴിയുമായിരുന്നുള്ളൂ. പാലം യാഥാർത്ഥ്യമാകുന്നതോടെ മൂലക്കയം പ്രദേശത്തെ വിദ്യാർഥികൾക്ക് കാൽനടയായി മിനിറ്റുകൾ കൊണ്ട് സ്കൂളിലെത്താൻ കഴിയും. കൂടാതെ മൂലക്കയം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കിസുമം ഭാഗത്തേക്കും , തൊട്ടടുത്ത ജംഗ്ഷനായ തുലാപ്പള്ളിയിലേക്കും, അതുവഴി റാന്നിക്കും എല്ലാം എളുപ്പത്തിൽ സഞ്ചരിക്കാൻ ഈ പാലം ഉപകരിക്കും. കൂടാതെ ശബരിമല തീർത്ഥാടകർ അടക്കം എല്ലാ വിഭാഗം യാത്രക്കാർക്കും പാലം യാഥാർത്ഥ്യമാകുന്നതോടെ ഏറെ പ്രയോജനപ്രദമാകും.
പമ്പയാറിന് കുറുകെ 75 മീറ്റർ നീളത്തിലാണ് ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുക. ഇതിൽ ചെക്ക് ഡാം രണ്ട് മീറ്റർ ഉയരത്തിലും, തുടർന്ന് 5 മീറ്റർ കൂടി ഉയരത്തിലുമാണ് പാലം നിർമ്മിക്കുക. പാലത്തിന് ഉപരിതലം 7.5 മീറ്റർ വീതിയിൽ ആണ് നിർമ്മാണം. ഇതിൽ വാഹനഗതാഗതത്തിനായി 5.20 മീറ്ററും, വൺ സൈഡ് ഫുട്പാത്ത് 1.60 മീറ്ററുമാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ പാലത്തിന്റെ ഉപരിതലത്തിൽ ഇരു സൈഡിലും 2 മീറ്റർ ഉയരത്തിൽ ക്രാഷ് ബാരിയർ സ്ഥാപിച്ച് അപകട സാഹചര്യം ഒഴിവാക്കും. 3 സ്പാനോട് കൂടി നിർമ്മിക്കുന്ന വലിയ പാലമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പാലത്തിന് 2 പിയറും, 2 അബഡ്മെന്റുമാണ് ഉണ്ടാവുക. ചെക്ക് ഡാം നിർമ്മിക്കുന്നതോടെ പ്രദേശത്തെ ജലലഭ്യതയും വർദ്ധിക്കും. ചെക്ക് ഡാമിന് മുകളിലൂടെ സുഗമമായി വെള്ളമൊഴുക്ക് നടക്കും വിധവും ആണ് രൂപകൽപ്പന. ടെൻഡർ ഉറപ്പിച്ച് അടുത്തമാസം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു.
പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു
