വികസന ആസൂത്രണം: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേർന്നു

കോട്ടയം: ജില്ലയുടെ വികസന ആസൂത്രണത്തിന് പുതിയ തുടക്കമിട്ട് പുതുതായി
തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ ആദ്യയോഗം. ജില്ലാ
ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി
അധ്യക്ഷൻ ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.  ജില്ലയിലെ ജനകീയ പ്രശ്നങ്ങൾക്ക്
പരിഹാരം കാണാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം
പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ
ഡി.പി.സി. മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ
മുഖ്യാതിഥിയായി. ത്രിതല പഞ്ചായത്തുകൾ നിലവിൽ ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പൂർത്തികരിക്കാൻ കളക്ടർ നിർദ്ദേശിച്ചു. ജില്ലയിലെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളും പദ്ധതിത്തുകയുടെ
വിനിയോഗവും യോഗത്തിൽ ചർച്ച ചെയ്തു. വിവിധ വികസന പദ്ധതികളുടെ പുരോഗതി
വിലയിരുത്തിയ യോഗം നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികളിലെ
തടസ്സങ്ങളേക്കുറിച്ചും ചർച്ച ചെയ്തു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
സമർപ്പിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം. എസ്.സി,എസ്.ടി ഫണ്ടുകൾ
പൂർണമായി വിനിയോഗിക്കണമെന്നും നിലവിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ
നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും ആസൂത്രണസമിതി നിർദേശിച്ചു.ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം
ആർ. ശ്രീകല, ജില്ലാ പ്ളാനിങ് ഓഫീസർ എ.ബി. അനിൽകുമാർ, തദ്ദേശസ്വയംഭരണ
വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡെപ്യൂട്ടി പ്ളാനിങ് ഓഫീസർ പി.എ.
അമാനത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!