തിരുവനന്തപുരം: രാജ്യാഭിവൃദ്ധിക്കും പ്രജാക്ഷേമത്തിനുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 2025 നവംബര്‍ 20ന്
ആരംഭിച്ച മുറജപം അവസാന ഘട്ടത്തിലേക്ക്. അവസാന മുറയായ ഏഴാം മുറയുടെ ജപം
ഇന്നലെ ആരംഭിച്ചു.എട്ടുദിവസത്തെ വേദമന്ത്ര ജപമാണ് ഒരു മുറ. എട്ടു
മുറകളിലായി 56 ദിവസം നീണ്ടുനില്‍ക്കുന്നതാണ് മുറജപം. ഓരോ മുറയും
അവസാനിക്കുമ്പോള്‍ മുറശീവേലി നടക്കും. ഇന്നലെ ആരംഭിച്ച ഏഴാം മുറയില്‍
ജനുവരി 14ന് ലക്ഷദീപത്തോടുകൂടി മകരശീവേലി നടക്കും. 12 ദിവസം നീളുന്ന
പ്രത്യേക കളഭാഭിഷേകം ഡിസംബര്‍ 27 മുതല്‍ ജനുവരി 7 വരെ നടന്നു. മാര്‍കഴി
കളഭം ഇന്നു മുതല്‍ 14 വരെ നടത്തും. 13ന് ലക്ഷദീപത്തിന്റെ ട്രയല്‍ നടക്കും.
14ന് വൈകിട്ട് അഞ്ചിനാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുക. ശീവേലി
ദര്‍ശനമാണ് പ്രധാന ചടങ്ങ്. ദീപാരാധനയും ഉണ്ടാകും. ശീവേലിപ്പുരയിലും
ഗോപുരത്തിലുമാണ് വിളക്കുകള്‍ തെളിയിക്കുന്നത്. ലക്ഷദീപ ചടങ്ങുകള്‍
ദര്‍ശിക്കാന്‍ ക്ഷേത്രത്തിന് പുറത്ത് എല്‍ഇഡി വാള്‍ സ്ഥാപിക്കും. 15നും
16നും ദീപാലങ്കാരം ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
ദീപാരാധനയ്‌ക്കുശേഷം 8.30ന് ആരംഭിക്കുന്ന മകരശീവേലിയ്‌ക്കു ശ്രീപത്മനാഭസ്വാമി, ശ്രീനരസിംഹസ്വാമി, ശ്രീകൃഷ്ണസ്വാമി എന്നീ
ദേവന്മാര്‍ക്ക് തിരുവിതാംകൂര്‍ രാജവംശത്തിലെ സ്ഥാനികന്‍ അകമ്പടി സേവിക്കും.
വിഗ്രഹങ്ങള്‍ പുഷ്പാലംകൃതമായ ഗരുഡവാഹനത്തിലാണ് എഴുന്നള്ളിക്കുന്നത്.
ലക്ഷദീപത്തോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി
ബാര്‍കോഡിങ് സംവിധാനമുള്ള പാസുകള്‍ ഏര്‍പ്പെടുത്തി. 15,000 പാസുകളാണ്
നല്‍കുന്നത്.അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് 1750
ലാണ് ആദ്യ ലക്ഷദീപം നടത്തിയത്. ഋക്, യജുര്‍, സാമവേദങ്ങളായിരുന്നു
ജപിച്ചിരുന്നത്. ഇത്തവണ അഥര്‍വ വേദവും ജപിക്കുന്നുണ്ട്. 8 ദിവസം വീതമുള്ള 7
മുറകളിലായി 56 ദിവസം നീണ്ടു നില്‍ക്കുന്നതാണ് മുറ ജപ ചടങ്ങുകള്‍. രാവിലെ
ആറര മുതല്‍ എട്ടര വരെയും 9 മുതല്‍ 11 വരെയുമാണ് വേദ മന്ത്ര ജപവും സഹസ്രനാമ
ജപവും നടത്തുക. പത്മതീര്‍ത്ഥ കരയില്‍ വൈകിട്ട് 6 മുതല്‍ 7 വരെ ജല ജപം. ഓരോ
മുറയും അവസാനിക്കുന്ന എട്ടാം നാള്‍ രാത്രി 8.30ന് മുറ ശീവേലി നടക്കും.
ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മയാണ് അകമ്പടി സേവിക്കുന്നത്. ജപം
കഴിഞ്ഞ് എട്ടരയോഗം പോറ്റിമാര്‍ ജപക്കാര്‍ക്ക് ദക്ഷിണ നല്‍കും.
നവംബര്‍ 27ന് നടന്ന ആദ്യ മുറയുടെ ശീവേലി അനന്ത വാഹനത്തിലായിരുന്നു. ഡിസംബര്‍ 5ന് നടന്ന രണ്ടാം മുറ ശീവേലി കമല വാഹനത്തിലും 13ന് ഇന്ദ്ര
വാഹനത്തിലും 21ന് പള്ളി നിലാവ് വാഹനത്തിലും 29ന് ഇന്ദ്ര വാഹനത്തിലും ജനുവരി
ആറിന് പള്ളിനിലാവ് വാഹനത്തിലുമാണ് നടന്നത്. ലക്ഷദീപച്ചടങ്ങ് നടത്തുന്ന
ജനുവരി 14ന് മകര ശീവേലി നടത്തും. ശ്രീ ബലിപ്പുരയില്‍ വൈകിട്ട് 4 മുതല്‍ 6
വരെ പൊതു സഹസ്ര നാമ ജപം നടത്താന്‍ അവസരമുണ്ടാകും.ആഴ്‌വാഞ്ചേരി
തമ്പ്രാക്കള്‍, തിരുനാവായ വാധ്യാന്‍, തൃശൂര്‍ വാധ്യാന്‍, കൈമുക്ക്
വൈദികന്‍, പന്തല്‍ വൈദികന്‍, കപ്ലിങ്ങാട്, ചെറുമുക്ക് വൈദികര്‍ എന്നിവര്‍
ജപത്തിന് എത്തിയിരുന്നു. ശൃംഗേരി, ഉഡുപ്പി, ഉത്രാദി മഠം, കാഞ്ചീപുരം എന്നീ
മഠങ്ങളില്‍ നിന്നുള്ള സംന്യാസിമാര്‍ക്ക് പുറമേ ഹൈദരാബാദിലുള്ള ചിന്നജീയര്‍
സ്വാമികളും ഇക്കുറി മുറജപത്തില്‍ പങ്കെടുത്തു.
