
കാക്കനാട്: സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻ്റെ ഒന്നാം
സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ സീറോമലബാർസഭയുടെ
പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരിതെളിച്ചുകൊണ്ടു
ഉദ്ഘാടനം ചെയ്തു. സീറോമലബാർസഭയുടെ അജപാലന ക്രമീകരണങ്ങളിൽ സമീപകാലത്തുണ്ടായ
വളർച്ച, പ്രത്യേകിച്ച്, പന്ത്രണ്ട് രൂപതകളുടെ അതിർത്തികൾ
പുനഃക്രമീകരിച്ചതും കേരളത്തിന് പുറത്ത് നാല് പുതിയ പ്രവിശ്യകൾ
(Ecclesiastical Provinces) രൂപീകരിച്ചതും, ഗൾഫ് മേഖലയിലെ സീറോമലബാർ
വിശ്വാസികൾക്കായി അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചതും, കൃതജ്ഞതാപൂർവം
അനുസ്‌മരിച്ച മേജർ ആർച്ചുബിഷപ്പ്, സീറോമലബാർ വിശ്വാസികളുടെ അജപാലനപരവും
പ്രേഷിതപരവുമായ ആവശ്യങ്ങളോടുള്ള ഭാവാത്മകവും ചരിത്രപരവുമായ പ്രതികരണങ്ങളായി
അവയെ വിലയിരുത്തി.
2026-ൽ സീറോമലബാർസഭ ആചരിക്കുന്ന ‘സാമുദായിക ശക്തീകരണ വർഷം’ (Year
of Community Empowerment) കാലോചിതവും പ്രവാചകതുല്യവുമാണെന്ന് പറഞ്ഞ മേജർ
ആർച്ചുബിഷപ്പ്, ഒരു സഭയെന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ
കേവലം ഭരണപര മെന്നതിനേക്കാൾ ആഴമായ ആത്മീയമാനമുള്ളവയാണെന്ന്
തിരിച്ചറിയണമെന്നു ഓർമ്മിപ്പിച്ചു.
പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘ദിലക്സി തേ’ (Dilexi
Te) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പറഞ്ഞ, ‘മിശിഹായോടുള്ള യഥാർത്ഥ സ്നേഹം
ദരിദ്രരോടും ബലഹീനരോടും നിസ്സഹായരോടുമുള്ള പ്രായോഗികമായ സ്നേഹത്തിൽ
നിന്നും വേർപെടുത്താനാവില്ലെന്ന’ ആശയത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, നമ്മുടെ
സഭയുടെ ചൈതന്യവും വിശ്വാസ്യതയും അളക്കപ്പെടുന്നത്
പാർശ്വവൽക്കരിക്കപ്പെട്ടവരോടും നിശബ്ദരാക്കപ്പെട്ടവരോടും പുറമ്പോക്കുകളിൽ
കഴിയുന്നവരോടും നാം എങ്ങനെ കരുണ കാണിക്കുന്നു എന്നതിനെ
അടിസ്ഥാനമാക്കിയായിരിക്കുമെന്നു മേജർ ആർച്ചുബിഷപ്പ് പറഞ്ഞു.
ദരിദ്രർ, കൃഷിക്കാർ, കഷ്ടപ്പെടുന്ന കുടുംബങ്ങൾ, നീതി
നിഷേധിക്കപ്പെട്ടവർ എന്നിവരോടുള്ള നമ്മുടെ കരുതൽ അജപാലനപരമായ മുൻഗണനകളിലും
തീരുമാനങ്ങളിലും പ്രായോഗികമായി പ്രകടമാകുന്ന ഒരു വർഷമായി 2026 മാറണമെന്നും
മേജർ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തു.
സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ
പിന്നോക്കാവസ്ഥയിലായ സഭാംഗങ്ങളുടെ ജീവിത യാഥാർഥ്യങ്ങളെ സത്യസന്ധമായും
അനുകമ്പയോടെയും നോക്കിക്കാണാനും സമുദായത്തിന്റെ വളർച്ചയ്ക്കായുള്ള കർമ്മ
പദ്ധതികൾ വിഭാവനംചെയ്തു നടപ്പിലാക്കാനുമുള്ള അവസരമായി ഈ വർഷം
പ്രയോജനപ്പെടുത്തണമെന്നു മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. സാമുദായിക
ശക്തീകരണം എന്നത് കേവലം ഒരു കാര്യപരിപാടിയോ മുദ്രാവാക്യമോ അല്ല; മറിച്ച്
സുവിശേഷത്തിൽ നിന്ന് തന്നെ ഉത്ഭവിക്കുന്ന സഭാപരമായ പ്രതിബദ്ധതയാണന്നു മേജർ
ആർച്ചുബിഷപ് പറഞ്ഞു.
കൂട്ടായ്മയുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, മുറിവേറ്റയിടങ്ങളിൽ
അനുരഞ്ജനം സാധ്യമാക്കാനും നമ്മുടെ സഭാസമൂഹത്തിലെ ഒരു അംഗവും
ഒഴിവാക്കപ്പെട്ടവരോ കേൾക്കപ്പെടാത്തവരോ ആയി അവശേഷിക്കുന്നില്ലെന്നു
ഉറപ്പുവരുത്താനും ഇത് നമ്മെ ക്ഷണിക്കുന്നുവെന്നും മാർ റാഫേൽ തട്ടിൽ
കൂട്ടിച്ചേർത്തു.
പുതിയ സീറോമലബാർ സഭാപ്രവിശ്യകളുടെ തലവന്മാരായി സ്ഥാനമേറ്റെടുത്ത
മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ
വാണിയപ്പുരക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മേജർ
ആർച്ചുബിഷപ്പ് അഭിനന്ദിക്കുകയും, സീറോമലബാർ മെത്രാൻ സിനഡിലേക്കു പുതിയ
അംഗങ്ങളായി എത്തിയ ബെൽത്തങ്കടി രൂപതാധ്യക്ഷൻ മാർ ജെയിംസ് പട്ടേരിൽ,
അദിലാബാദ് രൂപതാധ്യക്ഷൻ മാർ ജോസഫ് തച്ചാപറമ്പത്ത് എന്നിവർക്ക് സ്വാഗതം
ആശംസിക്കുകയും ചെയ്തു. സിനഡ്, ജനുവരി 10 ശനിയാഴ്ച വൈകിട്ട് സമാപിക്കും.
ഇന്ത്യക്കകത്തും, വിദേശത്തുമുള്ള 53 മെത്രാന്മാരാണ് സിനഡിൽ
സംബന്ധിക്കുന്നത്.