രുചിക്കൊപ്പം ആരോഗ്യവും: ഏറ്റുമാനൂരിലെ മില്ലറ്റ് കഫേ വിജയത്തിലേക്ക്

ഏറ്റുമാനൂർ:ചെറുകിട സംരംഭകർക്കുള്ള സർക്കാർ പിന്തുണയുടെ സാക്ഷ്യമായി ആരോഗ്യകരമായ വിജയവഴിയിൽ ഏറ്റുമാനൂരിലെ അർച്ചനാസ് മില്ലറ്റ് കഫേ. ചെറു ധാന്യങ്ങൾ കൊണ്ടുള്ള പലഹാരങ്ങളും പാനീയങ്ങളുമായി പുതിയൊരു ആരോഗ്യശീലത്തിനും വഴിയൊരുക്കുകയാണ് ഏറ്റുമാനൂർ കിസ്മത് പടിയിലുള്ള കഫേ. കാർഷിക-കർഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ 2025 ജൂലൈയിൽ ആണ് അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ മില്ലറ്റ് കഫേ ആരംഭിച്ചത്. കൃഷിവകുപ്പിന്റെ 2023ലെ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപയാണ് സഹായമായി നൽകിയത്. വകുപ്പിന്റെ പിന്തുണയോടെ ജില്ലയിൽ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ ആറുമാസം കൊണ്ടു കൈവരിച്ച ലാഭം ആറുലക്ഷം രൂപയാണ്. ചോറും കഞ്ഞിയും ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഉൾപ്പെടെ പോഷകസമൃദ്ധവും വൈവിധ്യവുമാർന്ന മില്ലറ്റ് വിഭവങ്ങളാണ് കഫേ ഒരുക്കുന്നത്. മില്ലറ്റ് ചോറ്്, ഉപ്പുമാവ്, കഞ്ഞി, മില്ലറ്റ് ഷെയ്ക്ക്, മില്ലറ്റ് റോൾ, സ്പ്രിംഗ് റോൾ, കട്ട്‌ലറ്റ്, സമൂസ, മോമോസ്, റാഗി അട, കൊഴുക്കട്ട, റാഗി നെയ്യപ്പം, മില്ലറ്റ് പായസം പായസം എന്നിവയാണ് മെനുവിലുള്ളത്. പായസത്തിനും കഞ്ഞിക്കുമാണ് ആവശ്യക്കാരേറെയുള്ളത്. റാഗി, മണിചോളം, ചാമ, കമ്പ്, തിന, വരഗ്, പനിവരഗ്, തിരവാലി, മലഞ്ചാമ, കുതിരവാൽ തുടങ്ങിയ ചെറുധാന്യങ്ങളുപയോഗിച്ചാണ് ഭക്ഷണങ്ങൾ തയ്യാറാക്കുന്നത്.മില്ലറ്റ് കഞ്ഞിക്ക് 70 രൂപയും പായസത്തിന് കപ്പ് ഒന്നിന് 40 രൂപയും ചെറുകടികൾക്ക് 15 മുതൽ 30 രൂപ വരെയുമാണ് വില. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തനം. അത് രാത്രി പത്തുവരെയാക്കാനും, അഞ്ച് കിലോമീറ്റർ പരിധിയിൽ ഹോം ഡെലിവറി സേവനം ആരംഭിക്കാനും പദ്ധതിയുണ്ട്.എല്ലാ സഹായങ്ങളും നിർദേശങ്ങളും നൽകി ഏറ്റുമാനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. ജ്യോതിയും കൃഷി ഓഫീസർ ജ്യോത്സന കുര്യനും കഫേയ്ക്ക് ഒപ്പമുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം പാരമ്പര്യധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയും കർഷകർക്ക് പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് ജില്ലാ കൃഷി ഓഫീസർ സി. ജോ ജോസ് പറഞ്ഞു.

One thought on “രുചിക്കൊപ്പം ആരോഗ്യവും: ഏറ്റുമാനൂരിലെ മില്ലറ്റ് കഫേ വിജയത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!