തിരുവനന്തപുരം: യാത്ര ചെയ്യുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ
വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ടോയ്‌ലെറ്റുകളുടെ അഭാവത്തിന്
പരിഹാരമാകുന്നു. ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ
മിഷന്‍ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു.
ചൊവ്വാഴ്ച ഔദ്യോഗിക ഉദ്ഘാടനം നടക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
കീഴിലുള്ള പൊതു ടോയ്‌ലെറ്റുകള്‍ക്ക് പുറമെ, കേരള ഹോട്ടല്‍ ആന്‍ഡ്
റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലര്‍ത്തുന്ന
സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ടോയ്‌ലെറ്റുകള്‍ കൂടി
ഉള്‍പ്പെടുത്തിയാണ് ഈ ശൃംഖല വിപുലീകരിച്ചിരിക്കുന്നത്.യാത്രക്കാര്‍ക്ക്
അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ടോയ്‌ലെറ്റുകള്‍ ഗൂഗിള്‍ മാപ്പിന്റെ
സഹായത്തോടെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന
സവിശേഷത. ഓരോ കേന്ദ്രത്തിന്റെയും പ്രവര്‍ത്തന സമയം, അവിടത്തെ സൗകര്യങ്ങളായ
പാര്‍ക്കിംഗ് തുടങ്ങിയവയും ഉപയോക്താക്കളുടെ റേറ്റിംഗുകളും ആപ്പിലൂടെ
തത്സമയം അറിയാന്‍ സാധിക്കും. ഫ്രൂഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ
സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
