പന്തളം:2026 വർഷത്തെ (കൊല്ലവര്‍ഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തിന് ജനുവരി 12-ന് (ധനു 28) പന്തളത്തു നിന്നും ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നല്‍കാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണര്‍തംനാള്‍ നാരായണവർമ്മയെ പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണംനാൾ രാമവർമ്മ വലിയരാജ നിയോഗിച്ചു.പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ പരേതയായ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട്ടു ഇല്ലത്ത് കെ. എൻ. നാരായണൻ നമ്പൂതിരിയുടെയും ദ്വിതീയ പുത്രനാണ് നാരായണവർമ്മ.കേരള സർക്കാർ സർവ്വീസിൽ അഡ്വക്കേറ്റ് ജനറൽ’സ് ഓഫീസിൽ അണ്ടർ-സെക്രട്ടറിയായി വിരമിച്ച ശേഷം പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറിയായി 2016 മുതൽ 2023 വരെ പ്രവർത്തിച്ചു. 2018-ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് പന്തളത്തു നടത്തിയ ആദ്യത്തെ നാമജപഘോഷയാത്രയ്ക്കും ആചാര സംരക്ഷണ പ്രവർത്തനങ്ങൾക്കും സജീവമായി നേതൃത്വം നൽകി.പന്തളം കൊട്ടാരത്തിലെ ‘പാലസ് വെൽഫയർ സൊസൈറ്റി’-യുടെ സ്ഥാപക അംഗവും മുൻ ഖജാൻജിയും, വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര ഉപദേശക സമിതിയിൽ കൊട്ടാരം പ്രതിനിധിയും ആണ്.ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അദ്ധ്യക്ഷനാണ്. നിലവിൽ ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരിയായും പ്രവർത്തിച്ചു വരുന്നു.ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും തിരുവാഭരണപാത സംരക്ഷണ സമിതിയുടെയും സ്ഥാപകാംഗവും രക്ഷാധികാരിയും കൂടിയാണ്.ശ്രീമതി രാജലക്ഷ്മി വർമ്മ, വൈക്കം, SBI (Retd.), സഹധർമ്മിണിയാണ്. പ്രീതി വർമ്മ (USA) ശ്രീദേവി വർമ്മ (Procore) എന്നിവർ മക്കളും, അരുൺ രവി വർമ്മ, ശ്രീകാന്ത് നീലകണ്ഠൻ, എന്നിവർ മരുമക്കളുമാണ്. ശ്രീരാം വർമ്മ കൊച്ചുമകൻ ആണ്.ശ്രീമതി വിജയലക്ഷ്മി തമ്പുരാട്ടി, ശ്രീമതി സുജാത തമ്പുരാട്ടി, പരേതനായ മുൻ രാജപ്രതിനിധി മകയിരം നാൾ കേരള വർമ്മ, ശ്രീമതി ശ്രീലത തമ്പുരാട്ടി, കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റും മുൻ രാജപ്രതിനിധിയുമായ മൂലം നാൾ ശങ്കർ വർമ്മ എന്നിവർ സഹോദരങ്ങളാണ്.
