എരുമേലി:എരുമേലി പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഇന്ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. വരണാധികാരി കാഞ്ഞിരപ്പള്ളി സഹകരണ സംഘം അസി. രജിസ്ത്രാർ ഷമീർ വി മുഹമ്മദ് ആദ്യ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുടുത്തു. പ്രായത്തിൽ ഏറ്റവും മുതിർന്ന അംഗമായ സാറാമ്മ എബ്രഹാമിനെ (കനകപ്പലം വാർഡ് അംഗം) ഭർത്താവ് ബാബുക്കുട്ടി കഴിഞ്ഞ നിര്യാതനായതിലെ ദുഃഖം മുൻനിർത്തി പകരം പ്രായത്തിൽ രണ്ടാമത്തെ സീനിയർ ആയ ത്രേസ്യാമ്മ ചാക്കയ്ക്കാണ് (എയ്ഞ്ചൽവാലി വാർഡ് അംഗം) വരണാധികാരി ആദ്യ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടർന്ന് ത്രേസ്യാമ്മ ചാക്കോ ആണ് സാറാമ്മ എബ്രഹാം ഉൾപ്പടെ മറ്റ് 23 അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പഞ്ചായത്ത് സെക്രട്ടറി ബി മഞ്ജു, അസി. സെക്രട്ടറി മുഹമ്മദ് ഷാഫി, ജൂനിയർ സൂപ്രണ്ട് വിപിൻ കൃഷ്ണ, പ്ലാൻ ക്ലാർക്ക് ഷമീം എന്നിവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പ്രവർത്തകർ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ത്രേസ്യാമ്മ ചാക്കോയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നു. 27 ന് നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അറിയിപ്പ് വായിച്ച ശേഷം നന്ദി അറിയിച്ച് യോഗം പിരിഞ്ഞു.

