എരുമേലി : ഈ വർഷത്തെ മണ്ഡല -മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനും മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി ദേവസ്വം ബോർഡ്, വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകൾ, ത്രിതല പഞ്ചായത്തുകൾ, ബന്ധപ്പെട്ട മറ്റു സംഘടനകൾ തുടങ്ങിയവയുടെ യോഗം എരുമേലി ദേവസ്വം ബോർഡ് ഹാളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിളിച്ചുചേർത്തു. യോഗത്തിൽ ദേവസ്വം ബോർഡിനെ കൂടാതെ 22 സർക്കാർ ഡിപ്പാർട്ട്മെന്റുകൾ, ത്രിതല പഞ്ചായത്ത്, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാസമാജം, എരുമേലി ജമാഅത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു. മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ദേവസ്വം ബോർഡും, സർക്കാർ ഡിപ്പാർട്ട്മെന്റുകളും, ത്രിതല പഞ്ചായത്തുകളും നടത്തിയ ക്രമീകരണങ്ങൾ യോഗത്തിൽ വിലയിരുത്തി. കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ എരുമേലിയിൽ തന്നെ തുടരുന്നതിന് റൂം സൗകര്യം ദേവസ്വം ബോർഡ് നൽകണമെന്ന് യോഗത്തിൽ എംഎൽഎ നിർദ്ദേശിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡും പാർക്കിംഗ് സൗകര്യങ്ങളും അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ യോഗത്തെ അറിയിച്ചു. വലിയമ്പലം കോമ്പൗണ്ടിലുള്ള വലിയ തോട് ക്ലീനിങ്ങും, കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇ – ടോയ്ലറ്റ് സ്ഥാപിക്കുന്നതും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്നതിന് നിശ്ചയിച്ചു. കൊരട്ടി പാലത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള തീർത്ഥാടക സ്വാഗത കമാനം പുനരുദ്ധരിക്കുന്നതിന് യോഗം തീരുമാനിക്കുകയും ആയത് ദേവസ്വം ബോർഡ് നിർവഹിക്കണമെന്ന് എംഎൽഎ നിർദേശിക്കുകയും ചെയ്തു. യോഗത്തിൽ എംഎൽഎ കൂടാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ് പ്രശാന്ത്, കോട്ടയം ആർഡിഒ ജിനു പുന്നൂസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ദേവസ്വം കമ്മീഷണർ മുരളീധരൻ, കാഞ്ഞിരപ്പള്ളി തഹസിൽദാർ ബിജിമോൾ, ഡിവൈഎസ്പി സാജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
