ബുക്ക് ചെയ്ത വിമാന ടിക്കറ്റ് നൽകിയില്ല; ക്ലിയർ ട്രിപ്പ് കമ്പനിക്ക് പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കോട്ടയം: ബുക്ക് ചെയ്ത വിമാന ടിക്കറ്റ് നൽകാതിരുന്ന ക്ലിയർ ട്രിപ്പ് ഡോട്ട്
കോം എന്ന ഓൺലൈൻ യാത്രാ ഏജൻസിക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്ക
പരിഹാര കമ്മീഷൻ. വലവൂർ സ്വദേശിയായ ആൽബർട്ട് ജെ. തോമസാണ് പരാതിക്കാരൻ. 
 സുഹൃത്തുക്കളുമായി യാത്ര പോകുന്നതിനായി 2023 ജൂൺ 15ന് കൊച്ചിയിൽനിന്ന്
ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കുള്ള എട്ട് ടിക്കറ്റുകൾ ക്ലിയർ ട്രിപ്പ്
ഡോട്ട് കോം വഴി 3,03,075 രൂപയ്ക്ക് ആൽബർട്ട് ബുക്ക് ചെയ്തിരുന്നു.
ക്ലിയർട്രിപ്പ്് നൽകിയ യാത്രാവിവരങ്ങളിൽ ബുക്കിംഗ് സ്റ്റാറ്റസ് കൺഫേംഡ്
എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പരാതിക്കാരന് ടിക്കറ്റ് ലഭിച്ചില്ല.
ഇതേത്തുടർന്നു ക്ലിയർ ട്രിപ്പിനെ ഒന്നാം എതിർകക്ഷിയായും എത്തിഹാദ്്
എയർവേയ്സ്, ഫെഡറൽ ബാങ്കിന്റെ പാലാ ശാഖ എന്നിവരെ രണ്ടുമൂന്നും കക്ഷികളാക്കി
കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു. എതിർകക്ഷികൾ
സമർപ്പിച്ച രേഖകൾ പരിശോധിച്ച കമ്മീഷൻ എത്തിഹാദ് എയർവേയ്സ് ക്ലിയർട്രിപ്പിന്
ടിക്കറ്റ് അനുവദിച്ചതായും താമസം വരുത്താതെ ടിക്കറ്റ് വിതരണം ചെയ്യേണ്ട
ഉത്തരവാദിത്വം ക്ലിയർ ട്രിപ്പ് കമ്പനിക്കാണെന്നും കണ്ടെത്തി. അതിനാൽ
പരാതിക്കാരന് വിമാന ടിക്കറ്റ് തുകയായ 3,03,075 രൂപ 2023 ഒക്ടോബർ നാലു
മുതലുള്ള പലിശ ഉൾപ്പെടെ നൽകാനും നഷ്ടപരിഹാരമായി 50,000 രൂപയും  കോടതി ചെലവ്
ഇനത്തിൽ 5000 രൂപയും നൽകാനും അഡ്വ. വിഎസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ.
ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്ക
പരിഹാര കമ്മിഷൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!