സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ജീവിതശൈലിയിലെ മാറ്റങ്ങൾ, പാരിസ്ഥിതിക സ്വാധീനങ്ങൾ, പോഷകാഹാരക്കുറവ്, മലിനീകരണം, മാനസിക സമ്മർദ്ദം എന്നിവയുൾപ്പെടെയുള്ള പല കാരണങ്ങളാൽ മുടികൊഴിച്ചിൽ വളരെ സാധാരണമായി മാറിയിരിക്കുന്നു.
ഇപ്പോഴാകട്ടെ, മുടികൊഴിച്ചിൽ പൂർണ്ണമായി തടയുമെന്ന് അവകാശപ്പെടുന്ന ഒട്ടേറെ ഉത്പ്പന്നങ്ങളും വിപണിയിലുണ്ട്. അത്തരത്തിൽ, മുടികൊഴിച്ചിൽ തടയാനും ആരോഗ്യകരമായ മുടിവളർച്ചയുണ്ടാകാനും സഹായിക്കുന്ന ഫലപ്രദമായ പ്രതിവിധികളിലൊന്നായി വൈറ്റമിൻ ഇ ഗുളികകൾ അടുത്തിടെ വലിയതോതിൽ ശ്രദ്ധനേടിയിരുന്നു. മുടികൊഴിച്ചിലിന് വൈറ്റമിൻ ഇ എത്രത്തോളം ഫലപ്രദമാണെന്നും അത് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും പരിശോധിക്കാം.
വൈറ്റമിൻ ഇ ക്യാപ്‌സ്യൂളുകൾ ഫലപ്രദമോ?
മുടിയുടെ ഫോളിക്കിളുകളെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഓക്സിഡേറ്റീവ് സ്ട്രെസ്. ഈ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകൾ വൈറ്റമിൻ ഇ ക്യാപ്‌സ്യൂളുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ, ദിവസേനയുള്ള ഉപയോഗം മുടിവേരുകളെ ബലപ്പെടുത്താനും മുടിയുടെ തിളക്കം വർധിപ്പിക്കാനും സഹായിക്കും.