റെയര്‍ എര്‍ത്ത് മാഗ്നറ്റ്; ഇന്ത്യയ്ക്ക് ഇളവ് നല്‍കി ചൈന, യുഎസിന് കൊടുക്കരുതെന്ന് നിബന്ധന

ന്യൂഡല്‍ഹി: അപൂർവ ധാതു കാന്തങ്ങളുടെ (rare earth magnets) കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ഇളവുകള്‍ നല്‍കി ചൈന. ഇവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുമതി ചൈന നല്‍കി. ആറുമാസത്തെ കയറ്റുമതി നിയന്ത്രണത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് നിയന്ത്രണത്തില്‍ ഇളവ് നല്‍കിയത്. ചില ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനയില്‍ നിന്ന് അപൂര്‍വ ധാതു കാന്തങ്ങൾ ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സുകള്‍ ലഭിച്ച വിവരം വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു. എന്നാല്‍ ലൈസന്‍സ് ലഭിച്ച കമ്പനികളുടെ വിശദാംശങ്ങള്‍ ജയ്സ്വാള്‍ വെളിപ്പെടുത്തിയില്ല.

ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ് മേഖലകള്‍ക്ക് അത്യന്താപേക്ഷിതമായ അപൂര്‍വ ധാതു കാന്തങ്ങൾക്ക് മേല്‍ യു.എസിനെ ലക്ഷ്യമിട്ടാണ് ചൈന കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് ആഗോളതലത്തില്‍ വിതരണ ശൃംഖലയെ തടസപ്പെടുത്തിയിരുന്നു. ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇലക്ട്രിക് കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വാഹനങ്ങളുടെ നിര്‍മ്മാണത്തെ സാരമായി ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം ചൈനയുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം ആവശ്യകതയായ 3,600 ടണ്ണില്‍, രാജ്യത്തെ വാഹന വ്യവസായത്തിന് മാത്രം ഏകദേശം 870 ടണ്‍ അപൂര്‍വ ധാതു കാന്തങ്ങൾ ഇറക്കുമതി ചെയ്യേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് ചൈനയുടെ നിയന്ത്രണ ഇളവ് പ്രാധാന്യം വഹിക്കുന്നത്.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയെങ്കിലും അതിന് നിബന്ധനകളുണ്ട്. ഇന്ത്യയില്‍ നിന്ന് ഇവ യു.എസിലേക്ക് കയറ്റുമതി ചെയ്യാന്‍ പാടില്ല എന്നതാണ് പ്രധാന വ്യവസ്ഥകളിലൊന്ന്. മറ്റൊന്ന് ചൈനയില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ എര്‍ത്ത് മാഗ്‌നറ്റുകള്‍ ഒരിക്കലും പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും നിബന്ധനയുണ്ട്.

6 thoughts on “റെയര്‍ എര്‍ത്ത് മാഗ്നറ്റ്; ഇന്ത്യയ്ക്ക് ഇളവ് നല്‍കി ചൈന, യുഎസിന് കൊടുക്കരുതെന്ന് നിബന്ധന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!