തിരുവനന്തപുരം : ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ സുമയ്യയുടെ ശസ്ത്രക്രിയ നീക്കത്തിൽ നിരാശ. മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ തത്കാലം ശസ്ത്രക്രിയ ശ്രമം ഉപേക്ഷിച്ചു. ഗൈഡ് വയറിന്റെ ഒരു വശത്തിന് അനക്കമില്ലാത്തത് പ്രതിസന്ധി. കീ ഹോൾ ശസ്ത്രക്രിയ വഴി പുറത്ത് എടുക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.ഗൈഡ് വയറിന്റെ രണ്ട് അറ്റം ധമനിയുമായി ഒട്ടിച്ചേർന്ന നിലയിലാണ്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ഓപ്പൺ സർജറി വേണമോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കും. സുമയ്യയേ നാളെ ഡിസ്ചാർജ് ചെയ്യും.മൈനര്‍ സര്‍ജറിയിലൂടെ ഗൈഡ് വയര്‍ പുറത്തെടുക്കാനായിരുന്നു നീക്കം. ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സുമയ്യ അഡ്മിറ്റ് ആയത്.
ഗൈഡ് വയര്‍ പുറത്ത് എടുക്കാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍, വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകുമെന്നായിരുന്നു വിലയിരുത്തല്‍. വയര്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. എന്നാല്‍ ശ്വാസമുട്ടല്‍ അടക്കം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്ന സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടര്‍ പരിശോധനകള്‍ നടത്തിയത്.