കൊച്ചി : ഇരട്ടക്കുതിപ്പുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 84,600 രൂപയിലും ഗ്രാമിന് 10,575 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ താഴ്ന്ന് 8,700 രൂപയിലെത്തി.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു. വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവില രണ്ട് തവണകളിലായി ഉയർന്നിരുന്നു. ചൊവ്വാഴ്ച രാവിലെ പവന് 920 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില ഉയർന്നതോടെ ഉച്ചയ്ക്ക് 1000 രൂപ വർധിക്കുകയാണുണ്ടായത്. പവൻവില ചരിത്രത്തിൽ ആദ്യമായി 83,000 രൂപയും 84,000 രൂപയും ഭേദിച്ചതും ചൊവ്വാഴ്ചയായിരുന്നു. തിങ്കളാഴ്ച രണ്ടു തവണയായി സ്വർണവില 680 രൂപ വർധിച്ചിരുന്നു.