മുണ്ടക്കയം :പൂഞ്ഞാറിന്റെ വികസന പാതയിൽ ഒരു ചരിത്ര നേട്ടത്തിലേക്ക് കൂടി ചുവട് വയ്ക്കുകയാണന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ .
നാഷണൽ ഹൈവേയിൽ മുണ്ടക്കയത്തു നിന്നും ആരംഭിച്ച് കൂട്ടിക്കൽ -ഏന്തയാർ – ഇളംകാട് -വല്യേന്ത വരെ നിലവിൽ ബി എം ബി സി റോഡ് ഉണ്ട്. തുടർന്ന് 7 കിലോമീറ്റർ കൂടി പുതിയ റോഡ് വെട്ടിത്തുറന്ന് വാഗമണ്ണിലേക്ക് പുതിയ ബി എം ബി സി പാത ഒരുക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന 17 കോടി രൂപ അനുവദിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ഈ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി വാഗമൺ എന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം കേന്ദ്രത്തിന്റെ വലിയ വികസനം സാധ്യമാവുകയാണ്. അതോടൊപ്പം ഭാവിയിൽ എരുമേലിയിൽ സ്ഥാപിതമാകുന്ന ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് കൂടി യാഥാർത്ഥ്യമാകുന്നതോടെ അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് എരുമേലി എയർപോർട്ടിൽ നിന്നും 45 മിനിറ്റ് കൊണ്ട് വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും. അതുപോലെതന്നെ വാഗമണ്ണിന്റെ ഇനിയും സഞ്ചാരികൾക്ക് മുന്നിൽ ദൃശ്യമാകാത്ത പ്രകൃതി രമണിയമായ പുതിയ പ്രദേശങ്ങൾ കൂടി കാഴ്ചകൾക്കായി സഞ്ചാരികൾക്ക് മുൻപിൽ തുറക്കപ്പെടുകയാണ്. അങ്ങനെ ഗതാഗതരംഗത്തും ടൂറിസം രംഗത്തും എല്ലാം വലിയ കുതിപ്പിന് കാരണമാകുന്നതും അതുവഴി പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിന് ഉപകരിക്കുന്നതുമായ വളരെ ബൃഹത്തായ ഒരു വികസന പദ്ധതിയാണ് മുണ്ടക്കയം-വാഗമൺ റോഡ് യാഥാർത്ഥ്യം ആകുന്നതിലൂടെ നടപ്പിലാകുന്നത്. ആഗസ്റ്റ് 11 ആം തീയതി വരെ ടെൻഡർ സമർപ്പിക്കാവുന്നതാണന്നും എം എൽ എ അറിയിച്ചു .
