ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റ കമ്പനിക്ക് പിഴ

കോട്ടയം: ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റതിന് സെബാമെഡ് സോപ്പ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. സോപ്പിന്റെ വിലയായ 540 രൂപയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ സേവനത്തിലെ പോരായ്മയ്ക്കും അന്യായമായ വ്യാപാര രീതികള്‍ക്കും നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റായും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചത്.
തൃക്കൊടിത്താനം സ്വദേശിയായ ജിന്‍സി വര്‍ഗ്ഗീസ് തന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനുവേണ്ടി സെബാമെഡ് കമ്പനിയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ ബുക്ക് ചെയ്ത് 540 രൂപയ്ക്ക് രണ്ട് ക്ലെന്‍സിങ് സോപ്പുകള്‍ വാങ്ങി. ആദ്യത്തെ സോപ്പ് ഉപയോഗിക്കാന്‍ തുടങ്ങി ഒരു ആഴ്ചയ്ക്കുശേഷം വെളുത്ത നിറമുള്ള സോപ്പ് മഞ്ഞയായി മാറിയതിനെത്തുടര്‍ന്ന് രണ്ടാമത്തെ സോപ്പ് ഉപയോഗിക്കാന്‍ തുടങ്ങി. തുടര്‍ന്ന് കുഞ്ഞിന്റെ ദേഹത്ത് ചുവന്ന കളറില്‍ ചൂടുകുരു വരുന്നതുപോലെ കണ്ടതിനാല്‍ സോപ്പ് പരിശോധിച്ചപ്പോള്‍ അതില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തി. കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ പരാതി നല്‍കിയെങ്കിലും സോപ്പ് മാറ്റി നല്‍കാമെന്നുള്ള കമ്പനിയുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ജിന്‍സി ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. ഉപയോഗിച്ചതിനു ശേഷം നനഞ്ഞ അവസ്ഥയില്‍ സൂക്ഷിച്ചതിനാലാണ് സോപ്പില്‍ പുഴുക്കള്‍ പ്രത്യക്ഷപ്പെട്ടതെന്നും ഉല്‍പ്പന്നത്തിന്റെ പുറം പാക്കേജിംഗില്‍ അച്ചടിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാതിക്കാരി പരാജയപ്പെട്ടുവെന്നും കമ്പനി വാദിച്ചെങ്കിലും തിരുവനന്തപുരത്തെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടിയില്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സോപ്പ് നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. നിലവാരവും സ്‌പെസിഫിക്കേഷനും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സോപ്പ് കമ്പനി വിറ്റുവെന്നും അതുവഴി അന്യായമായ വ്യാപാരരീതി നടത്തിയെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!