കോട്ടയം: ചങ്ങനാശ്ശേരിയിൽ 245 കുടുംബങ്ങൾക്കുള്ള മൂന്ന് കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നഗരസഭയുടെ 25 ലക്ഷം രൂപയും ഭൂജലവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 44 ലക്ഷം രൂപയും ചെലവഴിച്ചാണ് കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കിയിരിക്കുന്നത്.
25-ാം വാർഡിലെ വേട്ടടി- മുതവാച്ചിറ കോളനി, 31-ാം വാർഡിലെ കാക്കാംന്തോട് , 35-ാം വാർഡിലെ മഞ്ചാടിക്കർ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിച്ച് പരമാവധി ജനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഴൽക്കിണറുകൾ സ്ഥാപിച്ച് പൂർത്തിയാക്കിയത്.
ഈ വാർഡുകളിലെ വെള്ളം എത്താത്ത കുടുംബങ്ങൾക്ക് ഈ പദ്ധതിയിൽ വെള്ളം എത്തിക്കുവാൻ മന്ത്രി ഭൂജല വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർക്ക് നിർദ്ദേശം നൽകി. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, നഗരസഭാംഗങ്ങളായ ബീനാ ജോബി, കുഞ്ഞുമോൾ സാബു, ഗീതാ അജി, ബാബു തോമസ്, ലാലിച്ചൻ കുന്നിപ്പറമ്പിൽ, ഭൂജല വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ വിമൽരാജ്, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ആർ. ഉദയകുമാർ, ഭൂജലവകുപ്പ് ഡയറക്ടർ എസ്.റിനി റാണി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ: ചങ്ങനാശ്ശേരിയിൽ മൂന്ന് കുടിവെള്ള പദ്ധതികൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
