കോട്ടയം: രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ അശോകൻ (55) മരിച്ചു. കഴിഞ്ഞ ദിവസമാണ് രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ മറ്റൊരു കടയുടമയായ ഹരി പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
ആക്രമണത്തിൽ 80 ശതമാനം പൊള്ളലേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ മരണത്തിനു കീഴടങ്ങുകയായിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തീയിട്ട ഉടൻ ഓടി രക്ഷപെട്ട പ്രതി ഹരി, ഒരു മണിക്കൂറിനുശേഷം രാമപുരം പോലീസിൽ കീഴടങ്ങിയിരുന്നു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. നിലവിൽ വധശ്രമത്തിനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
