കോട്ടയം വാർത്തകൾ ,അറിയിപ്പുകൾ ………….ധനകാര്യ കമ്മീഷൻ ജില്ലയിൽ ഇന്ന് സന്ദർശനം നടത്തും….

കോട്ടയം: ഡോ. കെ.എൻ. ഹരിലാൽ അധ്യക്ഷനായുള്ള ഏഴാം ധനകാര്യ കമ്മിഷൻ ഇന്ന്(ശനിയാഴ്ച) ജില്ലയിൽ സന്ദർശനം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ധനവിന്യാസം സംബന്ധിച്ച് ജില്ലാ ആസൂത്രണസമിതി അംഗങ്ങളുമായി രാവിലെ 11ന് ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ സംവദിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനവിന്യാസവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കുന്നതിനായാണ് കമ്മീഷന്റെ ജില്ലാസന്ദർശനം. നിലവിലെ ധനവിന്യാസത്തേക്കുറിച്ചുള്ള അഭിപ്രായങ്ങൾ, സ്വീകരിക്കാൻ കഴിയുന്ന പുതിയ രീതികൾ, നിർവഹണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സംയുക്ത പദ്ധതികളുടെ സാധ്യതകൾ, തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ചർച്ചകൾ നടത്തും. പൊതുസ്വകാര്യ പങ്കാളിത്തത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന പദ്ധതികൾ പട്ടികജാതി/പട്ടികവർഗ്ഗ ഉപപദ്ധതികൾ സംബന്ധിച്ചുള്ള അഭിപ്രായ ശേഖരണവും കമ്മീഷൻ നടത്തും.

(കെ.ഐ.ഒ.പി.ആർ 1771/2025)

ബിരുദധാരികൾക്ക് ഓറിയന്റേഷൻ ക്ലാസ്

കോട്ടയം: പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ ജൂലൈ 25 വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ ഓറിയന്റേഷൻ ക്ലാസ് നടത്തും. വിദേശ തൊഴിലവസരങ്ങൾ, പഠനമേഖലകൾ, പുതുതലമുറ കോഴ്‌സുകൾ, എം.ബി.എ. ബിരുദ വിദ്യാർഥികളുടെ നൂതന തൊഴിൽ സാധ്യത സ്പെഷ്യലൈസേഷനുകൾ, വ്യക്തിത്വ വികസന മാർഗ്ഗങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. പ്രവേശനം സൗജന്യം. വിശദവിവരത്തിന് ഫോൺ: 0477 2267602, 9188067601, 994688075, 9747272045.

(കെ.ഐ.ഒ.പി.ആർ 1772/2025)

ജനറൽ ആശുപത്രിയിൽ സൗന്ദര്യവർധക ചികിത്സയ്ക്ക് തുടക്കം

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സൗന്ദര്യവർധക ചികിത്സയ്ക്ക് (കോസ്മെറ്റിക് പ്രൊസീജ്യർ) തുടക്കം. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു.
സൗന്ദര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചികിത്സാ രീതിയാണ് കോസ്മെറ്റിക് പ്രൊസീജ്യർ. ഇതിന്റെ ഭാഗമായി മൈക്രോഡെർമ അബ്രേഷൻ, കെമിക്കൽ പീൽ, ലേസർ ട്രീറ്റ്‌മെന്റ് പി.ആർ.പി. തുടങ്ങിയ ചികിത്സകൾ ഡെർമറ്റോളജി വിഭാഗം ഡോക്ടർമാരായ ഡോ. ബ്രീസ് തോമസ്, ഡോ. ജി. സജനി എന്നിവരുടെ നേതൃത്വത്തിൽ നടത്തും. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. സുഷമ, , ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. ശാന്തി, ആർ.എം.ഒ. ഡോ. വി.എസ്. ശശിലേഖ. എച്ച്.എം.സി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു

ഫോട്ടോ ക്യാപ്ഷൻ: കോട്ടയം ജനറൽ ആശുപത്രിയിൽ ആരംഭിച്ച സൗന്ദര്യവർധക ചികിത്സയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ നിർവഹിക്കുന്നു

മണ്ണ്  പരിശോധന ക്യാമ്പയിൻ സംഘടിപ്പിച്ചു

കോട്ടയം: ജില്ലാ മണ്ണുപര്യവേക്ഷണ കാര്യാലയം കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കങ്ങഴ ഗ്രാമപഞ്ചായത്തിൽ നടത്തിയ വാഴൂർ ബ്ലോക്കുതല മണ്ണുപരിശോധനാ ക്യാമ്പയിന്റെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഹേമലതാ പ്രേം സാഗർ നിർവ്വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. സമഗ്ര പച്ചക്കറി ഉദ്പാദന യജ്ഞത്തിന്റെ വിത്തുവിതരണ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ എസ്. പിള്ള നിർവ്വഹിച്ചു. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം കർഷകരുടെ മണ്ണ് സാമ്പിളുകൾ ഏറ്റുവാങ്ങി.
കുമരകം പ്രദേശിക ഗവേഷണകേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ.എം.എസ്. ശൈലജകുമാരി, സോയിൽ സർവേ ഓഫീസർ നിത്യ ചന്ദ്ര എന്നിവർ കാർഷിക സെമിനാർ നയിച്ചു.   ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് പദ്ധതി വിശദീകരിച്ചു.  വാഴൂർ ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരംസമിതി അധ്യക്ഷരായ  ഷാജി പാമ്പൂരി, പി.എം. ജോൺ, കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, കങ്ങഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയ സാജു, എം.എ. അന്ത്രോയോസ്, എ.എം. മാത്യു, സി.വി. തോമസുകുട്ടി, അഡ്വ. ജോയ്സ് എം. ജോൺസൺ, വാഴൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമി എബ്രഹാം, കോട്ടയം മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ എൻ. വി. ശ്രീകല, കൃഷി ഓഫീസർ ജി. അരുൺകുമാർ, കൃഷി അസിസ്റ്റന്റ്  പി.എം. റഷീദ് എന്നിവർ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആർ 1767/2025)

എയർലൈൻ മാനേജ്മെന്റ് കോഴ്സ്

കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു അഥവാ തത്തുല്യം. https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 20. വിശദ വിവരത്തിന് ഫോൺ : 0471 2570471, 984603300.

(കെ.ഐ.ഒ.പി.ആർ 1768/2025)

ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോഴ്സ്

കോട്ടയം: എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു അഥവാ തത്തുല്യം.https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 20. വിശദ വിവരത്തിന് ഫോൺ : 9961323322, 7012449076.
(കെ.ഐ.ഒ.പി.ആർ 1769/2025)

കൂൺഗ്രാമം പദ്ധതി: രണ്ടാംഘട്ടം ജില്ലയിൽ നടപ്പാക്കുന്നത് നാലു നിയോജക മണ്ഡലങ്ങളിൽ

കോട്ടയം: കൂൺകൃഷിയിലേക്ക് കർഷകരെയും ബിസിനസ് സംരംഭകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന സമഗ്ര കൂൺ ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയിൽ നടപ്പാക്കാനൊരുങ്ങി ഹോർട്ടികൾച്ചർ മിഷൻ. വൈക്കം, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി എന്നീ നാലു നിയോജകമണ്ഡലങ്ങളെയാണ് രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത്്.
പോഷകസുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിൽ കൂണിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയാണ് കൂൺഗ്രാമം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 50 നിയോജകമണ്ഡലങ്ങളിലാണ് രണ്ടാംഘട്ടം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 20 നിയോജകമണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്.
കടുത്തുരുത്തി ബ്ലോക്കിലാണ് കോട്ടയം ജില്ലയിൽ കൂൺഗ്രാമം പദ്ധതി തുടങ്ങിയത്. ഇത് വിജയം കൈവരിച്ചതോടെയാണ് പദ്ധതി മറ്റു നിയോജകമണ്ഡലത്തിലേക്കും വ്യാപിപ്പിക്കുന്നത്. ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണം, കർഷക കുടുംബങ്ങളുടെ ഉപജീവനത്തിന് അധികവരുമാനം, പോഷകസുരക്ഷ എന്നിവയ്‌ക്കൊപ്പം, ഒരു ബിസിനസ് സംരംഭം എന്ന രീതിയിൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുകകൂടി ലക്ഷ്യമിട്ടാണ് ‘രാഷ്ട്രീയ കൃഷി വികാസ് യോജന’ പ്രകാരം സംസ്ഥാനമൊട്ടാകെ 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകിയത്. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളും രണ്ട് വൻകിട കൂൺ ഉത്പാദന യൂണിറ്റുകളും ഒരു കൂൺ വിത്തുൽപാദന യൂണിറ്റും മൂന്ന് കൂൺ സംസ്‌കരണ യൂണിറ്റുകളും രണ്ട് പായ്ക്കിങ് ഹൗസുകളും 10 കമ്പോസ്റ്റ് ഉൽപാദന യൂണിറ്റുകളും പരിശീലന പരിപാടികളും ചേർന്നതാണ് ഒരു സമഗ്ര കൂൺഗ്രാമം പദ്ധതി. 20 നിയോജകമണ്ഡലങ്ങളിൽപ്പെട്ട ഓരോ കാർഷിക ബ്ലോക്കുകളിലാണ് കൂൺഗ്രാമം ആദ്യഘട്ടപദ്ധതിക്ക് കഴിഞ്ഞവർഷം തുടക്കമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!