ദേശീയ സെമിനാറിൽ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികൾ
സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും നൽകുന്ന പോഷകബാല്യം പദ്ധതിയും കുഞ്ഞൂസ് കാർഡും രാജ്യത്തെ മികച്ച ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ അവതരിപ്പിച്ചു. ചീഫ് സെക്രട്ടറിമാരുടെ മീറ്റിംഗിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിലാണ് ബെസ്റ്റ് പ്രാക്ടീസ് പദ്ധതിയായി സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പദ്ധതികൾ അവതരിപ്പിച്ചത്. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫാണ് പ്രസന്റേഷൻ നടത്തിയത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ പങ്കെടുത്തു.
കുട്ടികളുടെ ക്ഷേമത്തിനായി വനിത ശിശുവികസന വകുപ്പ് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ പ്രധാന പദ്ധതികളാണ് മുട്ടയും പാലും നൽകുന്ന പോഷകബാല്യം പദ്ധതിയും അങ്കണവാടി ഭക്ഷണ മെനുവും കുഞ്ഞൂസ് കാർഡും. ആഴ്ചയിൽ 2 ദിവസം ആരംഭിച്ച മുട്ടയും പാലും പദ്ധതി ആഴ്ചയിൽ മൂന്ന് ദിവസമാക്കി.
അങ്കണവാടി പ്രീസ്‌കൂൾ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായാണ് ‘കുഞ്ഞൂസ് കാർഡ്’ വനിത ശിശു വികസന വകുപ്പ് പുറത്തിറക്കിയത്. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സിഡിസിയിലെ വിദഗ്ധരും ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചാണ് ഇത്തരമൊരു കാർഡ് പുറത്തിറക്കിയത്.
അങ്കണവാടിയിൽ ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ് ആദ്യമായി ഏകീകൃത മാതൃകാ ഭക്ഷണമെനു തയ്യാറാക്കിയത്. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളർച്ചയ്ക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു തയ്യാറാക്കിയത്. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉൾപ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്.
2024ൽ ജെൻഡർ ഓഡിറ്റ് നടത്തിയ കുട്ടികളുടെ പ്രവർത്തന പുസ്തകമായ അങ്കണപ്പൂമഴ, അങ്കണവാടി അധ്യാപന സഹായി അങ്കണതൈമാവ്, വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന കിളിക്കൊഞ്ചൽ, ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അങ്കണതൈമാവ് ആധാരമാക്കി തയ്യാറാക്കിയ പിക്ചർ ഡിക്ഷണറി, കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങൾ, സ്പെഷ്യൽ അങ്കണവാടി, ട്രിവാൻഡ്രം ഡെവലപ്മെന്റ് മോണിറ്ററിംഗ് കാർഡ് എന്നിവയും അവതരിപ്പിച്ചു.
