തിരുവനന്തപുരം :സംസ്ഥാനത്ത് പെൻഷൻകാരെ കേന്ദ്രീകരിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകം. കേന്ദ്ര പെൻഷനു ആവശ്യമായ ജീവൻ പ്രമാൺ പത്രയുടെ പേരിലാണ് തട്ടിപ്പ്.
പെൻഷൻകാരുടെ വിവരങ്ങൾ ചോർത്തിയെടുത്ത തട്ടിപ്പുകാർ ജീവൻ പ്രമാൺ പത്രയിൽ നിന്നാണെന്ന് പറഞ്ഞ് പെൻഷനുകാരെ ഫോണിൽ ബന്ധപ്പെടുന്നു. പെൻഷൻകാരുടെ നിയമന തീയതി, വിരമിക്കൽ തീയതി, പെൻഷൻ പെയ്മെൻറ് ഓർഡർ നമ്പർ, ആധാർ നമ്പർ മറ്റു വിവരങ്ങൾ മുതലായവ ധരിപ്പിച്ച് വിശ്വാസം നേടിയെടുക്കുന്നു. ശേഷം ജീവൻ, പ്രമാൺ പത്ര പുതുക്കുന്നതിനായി ഫോണിൽ ലഭിച്ച ഒടിപി പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെടും. തട്ടിപ്പുകാർ ആദ്യം പറഞ്ഞ വിവരങ്ങൾ ശരിയായതിനാൽ പെൻഷൻകാർ ഒടിപി നൽകുന്നു. ഇതോടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം അപ്പോൾ തന്നെ പിൻവലിക്കുകയും തട്ടിപ്പ് പൂർണമാകുകയും ചെയ്യുന്നു. പെൻഷൻകാരുടെ വിവരങ്ങൾ തട്ടിപ്പുകാർ എങ്ങനെ കൈക്കലാക്കുന്നു എന്നതിനെക്കുറിച്ചു സൈബർ ക്രൈം വിഭാഗം അന്വേഷിച്ചുവരുന്നു. സ്വാകാര്യ ഓൺലൈൻ കേന്ദ്രങ്ങളാണ് സംശയത്തിന്റെ നിഴലിൽ .
പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി ജീവൻ പ്രമാൺ പത്ര പുതുക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ഫോണിൽ വിളിക്കുകയോ ഓൺലൈനായി ബന്ധപ്പെടുകയോ ചെയ്യില്ല എന്ന് പെൻഷൻ ഡയറക്ടറേറ്റിൽനിന്ന് മുന്നറിയിപ്പുണ്ട്. തട്ടിപ്പുനടന്നു ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകിയാൽ പണം നഷ്ടമാകുന്നത് തടയാൻ കഴിയും. തട്ടിപ്പിനിരയായാൽ 1930 എന്ന സൗജന്യ നമ്പറിൽ പരാതിപ്പെടാം എന്ന് പോലീസ് സൈബർ സെൽ അറിയിക്കുന്നു .

