തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചൊവ്വാഴ്ച ചുമതലയേൽക്കും. കേന്ദ്രസർവീസിൽ നിന്ന് അദ്ദേഹത്തിന് വിടുതൽ നൽകി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ചൊവ്വാഴ്ച രാവിലെ എട്ടിന് അദ്ദേഹം ചുമതലയേറ്റെടുക്കും. തിങ്കളാഴ്ച രാത്രിയിൽ തിരുവനന്തപുരത്തെത്തുന്ന നിയുക്ത പോലീസ് മേധാവി നാളെ കണ്ണൂരിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തിലും പങ്കെടുക്കും.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന് ഒരുവർഷം കൂടി സർവീസ് കാലാവധിയുണ്ട്.
