എരുമേലി: പാർക്കിംഗ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് പാഞ്ഞ് അപകടം. ഗ്രൗണ്ടിൽ പുല്ല് ചെത്തിക്കൊണ്ടിരുന്ന സ്കൂൾ ബസ് ഡ്രൈവറെ കാർ പാഞ്ഞെത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഭാര്യയുമായി പുല്ല് ചെത്തിക്കൊണ്ടിരിക്കുകയായിരുന്ന എരുമേലി വാവർ സ്കൂൾ ബസിന്റെ ഡ്രൈവർ മുഹമ്മദ് കുഞ്ഞി (മമ്മൂഞ്ഞ് അണ്ണൻ) നെയാണ് കാർ ഇടിച്ചത്. നിലത്തു വീണ മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങുകയായിരുന്നു .ഗുരുതര പരിക്കുകളേറ്റ മുഹമ്മദ് കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും പരിക്കുകളേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് എരുമേലി വലിയമ്പലത്തിന് എതിർവശത്തുള്ള ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിലേക്കുള്ള പ്രവേശന റോഡിൽ വെച്ചാണ് അപകടം.
