അയനം എ അയ്യപ്പൻ കവിതാപുരസ്കാരം ടി പി വിനോദിന്

തൃശൂർ: കവി എ അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം എ അയ്യപ്പൻ കവിതാ പുരസ്കാരം ടി പി വിനോദിന്. ‘സത്യമായും ലോകമേ’ എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനർഹമായത്. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പി പി രാമചന്ദ്രൻ ചെയർമാനും എം എസ് ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്. ഫെബ്രുവരി 12 ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി വി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രി വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസരാണ് ടി പി വിനോദ്. ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ’, ‘അല്ലാതെന്ത്?’, ‘സന്ദേഹങ്ങളുടെ നിർദ്ദേശാങ്കങ്ങൾ’, ‘ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം’ എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2006 മുതൽ ലാപുട എന്ന മലയാളം കവിതാബ്ലോഗ് എഴുതുന്നു. സത്യമായും ലോകമേ എന്ന സമാഹാരത്തിന് മൂടാടി ദാമോദരൻ പുരസ്കാരം, WTP Live പുരസ്കാരം, പൂർണ ആർ രാമചന്ദ്രൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!