ഉന്നത വിജയം നേടിയ കുട്ടികള്‍ക്കൊപ്പംമാതാപിതാക്കള്‍ക്കും ഇന്‍ഫാമിന്റെ ആദരം

ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

പാറത്തോട് (കാഞ്ഞിരപ്പള്ളി): പ്രതിസന്ധികളുടെ നടുവില്‍ നിന്ന് പ്രത്യാശയോടെ പഠിച്ച് ഓരോ കുട്ടിയും നേടിയ വിജയത്തിന് വലിയ മൂല്യമുണ്ടെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആതിഥേയത്വം വഹിച്ച ‘ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് 2025’ പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വലിയ സാധ്യതകള്‍ വിദ്യാര്‍ഥികളായ നിങ്ങളുടെ മുമ്പിലുണ്ട്. കാര്‍ഷിക മേഖലയെ നിങ്ങള്‍ സ്‌നേഹിക്കണം. റിസേര്‍ച്ച് മേഖലകളില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്കു സാധിക്കും. എങ്ങനെ കര്‍ഷകരെ സഹായിക്കാന്‍ സാധിക്കുമെന്ന് ഓരോ അവസരത്തിലും നിങ്ങള്‍ ചിന്തിക്കണം. കാര്‍ഷിക മേഖലയില്‍ ഇന്‍ഫാം ചെയ്യുന്ന വലിയ സംഭാവനകള്‍ കൂടുതല്‍ യാഥാര്‍ഥ്യമാക്കാന്‍ വരുംതലമുറയായ നിങ്ങള്‍ക്കാണ് സാധിക്കുകയെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷികമേഖലയുടെ ഭാവി നിയന്ത്രിക്കേണ്ടതും കാര്‍ഷിക മേഖലയ്ക്ക് അര്‍ഥവും വിലയും കൂടുതല്‍ ഉണ്ടാക്കേണ്ടതും അവാര്‍ഡ് ജേതാക്കളായ കുട്ടികള്‍ ഓരോരുത്തരുമാണെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മണ്ണിന്റെയും വിയര്‍പ്പിന്റെയും ഗന്ധമുള്ള ഈ അവാര്‍ഡ് ഒരിക്കലും നിങ്ങളുടെ മനസില്‍ നിന്നു മാറരുത്. ഭാരതത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിലും മറ്റു നേതൃനിരകളിലേക്കും നിങ്ങള്‍ പഠിച്ച് വളര്‍ന്ന് എത്തണമെന്നും അതിലൂടെ നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് പുതിയ രൂപവും ഭാവവും ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതാപിതാക്കള്‍ മക്കളെപ്പോലെ തന്നെ ഈ മണ്ണിനെയും അതിലെ കൃഷിയെയും സ്‌നേഹിച്ചെന്നും ഇന്‍ഫാമില്‍ അംഗങ്ങളായ മാതാപിതാക്കളുടെ ഈ നന്മകൊണ്ട് മക്കള്‍ ആദരിക്കപ്പെടുന്നതുപോലെ തന്നെ നിങ്ങളുടെ കഴിവിന്റെയും മികവിന്റെയും പേരില്‍ നിങ്ങളുടെ മാതാപിതാക്കളും ഇന്ന് ഇവിടെ ആദരിക്കപ്പെടുകയാണെന്നും ആമുഖപ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. കര്‍ഷക കുടുംബങ്ങളില്‍ ജനിച്ച നിങ്ങള്‍ കാര്‍ഷിക മേഖലയുടെ ഭാവി പ്രതീക്ഷകളാണെന്നും കാര്‍ഷിക മേഖലയില്‍ നവീകരണങ്ങള്‍ കൊണ്ടുവരുന്നതിനും, കൃഷിയുടെ സുസ്ഥിരത ആര്‍ജിക്കുന്നതിനും, കര്‍ഷക സമൂഹത്തെ സഹായിക്കുന്ന ഗവേഷകരും, നയരൂപീകരണക്കാരും മാര്‍ഗദര്‍ശികളുമായി നിങ്ങള്‍ മാറണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ആര്‍.കെ. താമോദരന്‍, കേരള സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, കേരള സംസ്ഥാന റീജണല്‍ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കിയും ഗവണ്‍മെന്റ് അംഗീകൃത യൂണിവേഴ്സിറ്റികളില്‍ നിന്ന് ബിരുദത്തിലോ ബിരുദാനന്തര ബിരുദത്തിലോ 1, 2, 3 റാങ്കുകള്‍ നേടിയ കുട്ടികളെ ഇന്‍ഫാം വിദ്യാശ്രീ അവാര്‍ഡ് നല്‍കിയും അവരുടെ മാതാപിതാക്കളോടൊപ്പമാണ് ഇന്‍ഫാം അനുമോദിച്ചത്. കുട്ടികള്‍ക്ക് സ്വര്‍ണ നാണയങ്ങളും മെമെന്റോയും മറ്റു സമ്മാനങ്ങളും നല്‍കി.

ഇന്‍ഫാം തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെയും കേരള സംസ്ഥാനത്തെ കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കോതമംഗലം, തലശേരി, താമരശേരി, മാവേലിക്കര, പാറശാല കാര്‍ഷികജില്ലകളില്‍ നിന്നുമുള്‍പ്പെടെ 380 ല്‍പരം കുട്ടികളും അവരുടെ മാതാപിതാക്കളും ഇന്‍ഫാം ദേശീയ, സംസ്ഥാന, ജില്ലാ, താലൂക്ക്, ഗ്രാമ ഭാരവാഹികളും, മഹിളാസമാജ് ഭാരവാഹികളും ഉള്‍പ്പെടെ മൂവായിരത്തില്‍പരം ആളുകള്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ

‘ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് 2025’ പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യുന്നു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍, ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, മാത്യു മാമ്പറമ്പില്‍, ജെയ്‌സണ്‍ ജോസഫ് ചെംബ്ലായില്‍, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ആര്‍.കെ. താമോദരന്‍, ജോസ് ഇടപ്പാട്ട്, ഫാ. ജോസഫ് കാവനാടിയില്‍, അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ഫാ. ജോസ് മോനിപ്പള്ളി തുടങ്ങിയവര്‍ സമീപം.

ഫോട്ടോ…
പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടന്ന ‘ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് 2025’ ല്‍ പങ്കെടുക്കുന്ന സദസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!