വിശ്വാസം ജീവിതസാക്ഷ്യമാണ്: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: വിശ്വാസം ജീവിതസാക്ഷ്യമാണെന്നും അനുദിന ജീവിത സാഹചര്യങ്ങളിലാണ് വിശ്വാസം തെളിയിക്കപ്പെടുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും വാര്‍ഷികാഘോഷം കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും തളരാതെ മുന്നേറാന്‍ വിശ്വാസം അനിവാര്യമാണെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

രൂപതാ പ്രോട്ടോ-സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രൂപത സിഞ്ചെല്ലൂസ് ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. വര്‍ഗ്ഗീസ് കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മതാധ്യാപനരംഗത്ത് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ 4 അധ്യാപകര്‍ക്കും, 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ 29 അദ്ധ്യാപകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കുകയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സണ്‍ഡേ സ്‌കൂളുകളെയും കുട്ടികളെയും ആദരിക്കുകയും ചെയ്തു. കഴിഞ്ഞ 12 വര്‍ഷവും മുടങ്ങാതെ എല്ലാ ഞായറാഴ്ചകളിലും വിശ്വാസജീവിത പരിശീലനത്തില്‍ പങ്കെടുത്ത 25 കുട്ടികള്‍ക്ക് പ്രത്യേക പുരസ്‌ക്കാരങ്ങള്‍ നല്കി ആദരിച്ചു.

തുടര്‍ന്ന് വിശ്വാസജീവിതപരിശീലനകേന്ദ്രം രൂപതാ ഡയറക്ടര്‍ ഫാ.തോമസ് വാളന്മനാലിന്റെ നേതൃത്വത്തില്‍ പ്രധാനാധ്യാപകര്‍, സ്റ്റാഫ് സെക്രട്ടറിമാര്‍, ഫൊറോന സെക്രട്ടറിമാര്‍ എന്നിവരുടെ സമ്മേളനവും നടന്നു. സമ്മേളനത്തോടനുബന്ധിച്ച് അടുത്ത അധ്യയനവര്‍ഷത്തെ കര്‍മ്മപദ്ധതികളുടെ വിശദീകരണവും ചര്‍ച്ചകളും നടത്തി.

ഫോട്ടോ അടിക്കുറിപ്പ്

കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും വാര്‍ഷികാഘോഷം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. ജോസഫ് വെള്ളമറ്റം,ഫാ.തോമസ് വാളന്മനാല്‍, ഫാ.ജോസ് വേലിക്കകത്ത് തുടങ്ങിയവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!