കാഞ്ഞിരപ്പള്ളി: നാല്പത്തിയെട്ടാമത് രൂപതാദിന വേദിയായ അണക്കര സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ ജൂബിലിദീപം സ്വീകരിച്ചു. നാല്പത്തിയേഴാമത് രൂപതാദിന വേദിയായിരുന്ന എരുമേലി ഫൊറോനയിൽ നിന്നും ഈ വർഷത്തെ രൂപതാദിന ആതിഥേയരായ അണക്കര ഫൊറോന ഏറ്റു വാങ്ങിയ ജൂബിലിദീപം ഫൊറോനയിലെ 11 ഇടവകകളിലും പ്രാർത്ഥനാദിനങ്ങൾ പൂർത്തിയാക്കിയാണ് അണക്കര ഫൊറോന പള്ളിയിൽ എത്തിച്ചേർന്നത്.
രൂപതാദിനത്തോടനുബന്ധിച്ച് നാളെ (ഞായർ ) പരിശുദ്ധ കുർബാനയ്ക്ക് ശേഷം രൂപതയിലെ എല്ലാ പള്ളികളിലും രൂപതാദിന പതാക ഉയർത്തുകയും ദൈവജനം ഒന്നുചേർന്ന് ജൂബിലി
ആന്തം ആലപിക്കുകയും ചെയ്യും.
മെയ് 12, തിങ്കളാഴ്ച നടത്തപ്പെടുന്ന രൂപതാ ദിനത്തിനൊരുക്കമായ അണക്കര ഫൊറോന നേതൃസംഗമം നാളെ (ഞായർ, മെയ് 11) അണക്കര ഫൊറോന പള്ളിയിൽ നടത്തപ്പെടും. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിൻ്റെ കാർമികത്വത്തിൽ രാവിലെ 9.00 മണിക്ക് പരിശുദ്ധ കുർബാന അർപ്പിക്കപ്പെടും. അണക്കര ഫൊറോനയിലെ ഇടവകകളിൽ നിന്നുള്ള പാരിഷ് കൗൺസിലംഗങ്ങൾ, കുടുംബകൂട്ടായ്മ ലീഡേഴ്സ്, വിശ്വാസ ജീവിത പരിശീലകർ, സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്ന സമ്മേളനം ഫാ. ജിസൺ പോൾ വേങ്ങശ്ശേരി നയിക്കും.
ഫോട്ടോ: പുറ്റടി വേളാങ്കണ്ണി മാതാ പള്ളിയിൽ പ്രാർത്ഥനാ ദിനങ്ങൾ പൂർത്തിയാക്കി രൂപതാദിന വേദിയായ അണക്കര സെൻ്റ് തോമസ് ഫൊറോന പള്ളിയിലേക്ക് സംവഹിക്കപ്പെടുന്ന ജൂബിലിദീപം പുറ്റടി പള്ളി വികാരി ഫാ. ദേവസ്യ തുമ്പുങ്കൽ അണക്കര ഫൊറോന വികാരി ഫാ. ജേക്കബ് പീടികയെ ഏത്പിക്കുന്നു.
