‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്’; വിമാനയാത്രികർ 3 മണിക്കൂർ മുൻപ് എത്തണം

തിരുവനന്തപുരം :ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ദേഹപരിശോധനയും ഐഡി പരിശോധനയും കർശനമാക്കും. 

നിലവിൽ പ്രവേശന സമയത്തും വിമാനത്താവളത്തിൽ കടന്നതിനുശേഷവുമുള്ള സുരക്ഷാ പരിശോധനകൾക്കു (സെക്യൂരിറ്റി ചെക്ക്) പുറമേ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് (എസ്എൽപിസി)’ കൂടിയാണ് ഏർപ്പെടുത്തിയത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയിൽ പരിശോധന ആരംഭിച്ചു.

ഇതു പ്രകാരം ബോർഡിങ് ഗേറ്റിനു സമീപം ഒരിക്കൽ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിൻ ബാഗും അടക്കം ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ. 

എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കും. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണം.

വിമാനയാത്രികർ 3 മണിക്കൂർ മുൻപ് എത്തണം

സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 3 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ എത്തണമെന്ന് എയർ ഇന്ത്യ ആവശ്യപ്പെട്ടു. മറ്റു വിമാനക്കമ്പനികളും സമാനമായ‌ അഭ്യർഥന മുന്നോട്ടുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!