പന്ത്രണ്ടാമതു ‘സ്പർശ്’ സേവനകേന്ദ്രം മെയ് ഏഴിനു കോഴിക്കോട്ട് ഉദ്ഘാടനംചെയ്യും

തിരുവനന്തപുരം : 2025 മെയ് 05

വിമുക്തഭടന്മാരുടെയും കുടുംബങ്ങളുടെയും പെൻഷൻ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനുള്ള പ്രത്യേകസംവിധാനമായ ‘സ്പർശ്’ സേവനകേന്ദ്രത്തിന്റെ (SSC) പന്ത്രണ്ടാം ഓഫീസ് ഉദ്ഘാടനം 2025 മെയ് 7 ബുധനാഴ്ച കോഴിക്കോട്ടു നടക്കും. ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് ശ്രീ ടി ജയശീലൻ ഉദ്ഘാടനം നിർവഹിക്കും. പകൽ 11നു കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വലകെട്ടുനിലം റോഡിലുള്ള വിമുക്തഭട ഭവനിലാണു ചടങ്ങ്. കലക്ടർ ശ്രീ സ്നേഹിൽ കുമാർ സിങ്, ഡെപ്യൂട്ടി കൺട്രോളർ ശ്രീ കെ വിഘ്നേഷ്, അസിസ്റ്റന്റ് കൺട്രോളർ ശ്രീ ആർ നാരായണ പ്രസാദ് എന്നിവർ പങ്കെടുക്കും.

വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും വാർഷിക തിരിച്ചറിയൽ, കുടുംബ പെൻഷൻ സമാരംഭം, പ്രൊഫൈൽ പുതുക്കൽ, ആധാർ-മൊബൈൽ നമ്പർ രജിസ്ട്രേഷൻ, പാൻ നമ്പർ ചേർക്കൽ, സേവന അഭ്യർഥന സഹായം തുടങ്ങിയ സേവനങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്ന ഏകജാലകകേന്ദ്രമായി SSC പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ, പ്രിന്റർ, സ്കാനർ, ബയോമെട്രിക് ഉപകരണങ്ങൾ, ഇന്റർനെറ്റ് സൗകര്യം എന്നിവയുൾപ്പെടെ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ ഈ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. തിങ്കൾമുതൽ വെള്ളിവരെ രാവിലെ 9.30 മുതൽ വൈകിട്ട് ആറുവരെ ഈ കേന്ദ്രം പ്രവർത്തിക്കും.

കോഴിക്കോട് SSC വരുന്നതോടെ, കേരളത്തിലെ 14 ജില്ലകളിൽ പന്ത്രണ്ടിലും ‘സ്പർശ്’ സേവനകേന്ദ്രങ്ങൾ നിലവിൽ വരും. ഈ കേന്ദ്രം കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമുള്ള പെൻഷൻകാർക്കു വലിയ തോതിൽ പ്രയോജനപ്പെടും.

പെൻഷൻകാരും ഉദ്യോഗസ്ഥരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും, പരാതികൾ കാര്യക്ഷമമായി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ‘സ്പർശ്’ പെൻഷൻ വിതരണ മൊഡ്യൂളിലുള്ള ആത്മവിശ്വാസത്തിനു കരുത്തേകുന്നതിനുമാണു ‘സ്പർശ്’ സേവനകേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!