ശബരിമല കണമല ദുരന്തത്തിന് കാരണം പോലീസിന്റെ അലംഭാവം; അട്ടിവളവിൽ അടിയന്തിര സുരക്ഷാ നടപടികൾ ആവശ്യം- ആന്റോ ആന്റണി എം. പി

ശബരിമല തീർത്ഥാടന പാതയിലെ കണമല അട്ടിവളവിൽ ഇന്ന് പുലർച്ചെ 6 മണിയോടെ നടന്ന ദാരുണമായ വാഹനാപകടത്തിൽ കർണാടകത്തിൽ നിന്ന് ശബരിമല ദർശനത്തിനായി വന്ന തീർത്ഥാടക സംഘത്തിലെ ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും, മറ്റുള്ളവർക്കു ഗുരുതര പരിക്കുപറ്റുകയും ചെയ്തു എന്ന വാർത്ത ഏറെ ദുഃഖകരമാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

വാഹനം 25 അടിയോളം സ്കിഡ് ചെയ്ത്, റോഡിന്റെ ക്രാഷ് ബാരിയർ തകർത്തതിനു ശേഷമാണ് കുഴിയിലേക്കു മറിഞ്ഞത്. താഴെ ഉണ്ടായിരുന്ന റബ്ബർ മരത്തിൽ വാഹനം തടഞ്ഞതുമൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്. മുമ്പ് ഇതേസ്ഥലത്ത് മറ്റൊരു അപകടത്തിൽ 22 പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും, ഇത് ഒരു സ്ഥിരം അപകടമേഖലയായി മാറിയിരിക്കുന്നു എന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറുകൾ ദുർബ്ബലമായതിനാൽ വാഹനം ഇടിച്ച ഉടനെ തകർന്നുവെന്നും സ്ഥലം സന്ദർശിച്ച വേളയിൽ മനസ്സിലാക്കാൻ സാധിച്ചു. തീർത്ഥാടനസീസണിലും മറ്റു പ്രത്യേക അവസരങ്ങളിലും ഈ ഭാഗത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനും, വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും, മറ്റു നിരവധി സുരക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും സംഭവമുണ്ടായ സമയത്ത് ഒരു പോലീസുകാരനും സ്ഥലത്തുണ്ടായിരുന്നില്ല എന്നത് അതീവ ഗൗരവമുള്ളതാണെന്നും എംപി പറഞ്ഞു.

പോലീസിന്റെ അലംഭാവമാണ് ഈ അപകടത്തിന് കാരണം. സീസണിലും പ്രത്യേക അവസരങ്ങളിലും കണമലയിലും അപകട സാധ്യതയുള്ള പ്രദേശങ്ങളിലും പോലീസിനെ വിന്യസിക്കണമെന്നും, അപകട വളവിനു മുമ്പുതന്നെ വാഹനങ്ങൾ നിർത്തി അവർക്ക് മുന്നറിയിപ്പ് കൊടുക്കണമെന്നൊക്കെയുള്ള തീരുമാനങ്ങൾ ഉള്ളതാണ്. പതിനായിരക്കണക്കിന് അയ്യപ്പ ഭക്തന്മാർ കടന്നുപോകുന്ന ദിവസം ഒരു പോലീസിൻറെ പോലും സാന്നിധ്യം ഉണ്ടായിരുന്നില്ല. പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു. തീർത്ഥാടന സീസണിലും പ്രത്യേക തിരക്കുള്ള ദിവസങ്ങളിലും കണമലയിലേയും മറ്റ് അപകട സാധ്യതയുള്ള വളവുകളിലേയും സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.

കണമല അടക്കം അപകടപ്രദേശങ്ങളിൽ പോലീസ് വിന്യാസം ഉറപ്പാക്കുക, വാഹനവേഗത കർശനമായി നിയന്ത്രിക്കുക, നിലവാരമില്ലാത്ത ക്രാഷ് ബാരിയറുകൾ മാറ്റി പകരം ശക്തമായ സുരക്ഷാ ഘടകങ്ങൾ സ്ഥാപിക്കുക, തീർത്ഥാടനപാതയിലുടനീളം സുരക്ഷാ ഓഡിറ്റ് നടത്തുക എന്നിവ കർശനമായി നടപ്പാക്കണമെന്നും ആന്റോ ആന്റണി ആവശൃപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!