ചേനപ്പാടി -കാരിത്തോട്-എരുമേലി റോഡ് 1.12 കോടി രൂപ അനുവദിച്ച് റീ ടാറിങ് ടെൻഡറായി.

കാരിത്തോട് പാലം മുതൽ എരുമേലി ടൗൺ വരെയുള്ള 3 കിലോമീറ്ററോളം ദൂരം റോഡ് റീടാർ

എരുമേലി :പഴയിടം- ചേനപ്പാടി – എരുമേലി റോഡിൽ അവസാന റീച്ചായ കാരിത്തോട് പാലം മുതൽ എരുമേലി ടൗൺ വരെയുള്ള 3 കിലോമീറ്ററോളം ദൂരം റോഡ് റീടാർ ചെയ്യുന്നതിന് 1 കോടി 12 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ സ്വീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എരുമേലി പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പിഡബ്ല്യുഡി റോഡ് ആയ പഴയിടം -ചേനപ്പാടി -എരുമേലി റോഡിൽ പഴയിടം മുതൽ ചേനപ്പാടി കടന്ന് കാരിത്തോട് പാലം വരെയുള്ള 10 കിലോമീറ്ററോളം ദൂരം മൂന്നു ഘട്ടങ്ങളായി അഞ്ചു കോടിയോളം രൂപ അനുവദിച്ച് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു. ഇതോടൊപ്പം ഓടകൾ, കലുങ്കുകൾ , സംരക്ഷണഭിത്തികൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. ഇപ്പോൾ വീണ്ടും 1 കോടി 12 ലക്ഷം രൂപ കൂടി അനുവദിച്ച് അവശേഷിക്കുന്ന മൂന്നു കിലോമീറ്റർ ഭാഗവും കൂടി മികച്ച നിലയിൽ റീ ടാർ ചെയ്യുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്നും എംഎൽഎ കൂട്ടിച്ചേർത്തു. റീ ടാറിങ്ങിനോടൊപ്പം മികച്ച രീതിയിൽ റോഡ് ഉപയോഗത്തിന് ആവശ്യമായ മറ്റ് റോഡ് വികസന പ്രവർത്തികളും നടപ്പിലാക്കുമെന്നും എംഎൽഎ അറിയിച്ചു. കാരിത്തോട് മുതൽ എരുമേലി ടൗൺ വരെ റോഡ് തകർന്നു കിടന്നതിനാൽ എരുമേലി ഗ്രാമപഞ്ചായത്ത് 4,5 വാർഡുകളിലെ ജനങ്ങളും കൂടാതെ ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തരും ഏറെ ദുരിതമനുഭവിച്ചിരുന്നു. കാരിത്തോട് മുതൽ എരുമേലി ടൗൺ വരെ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടുകൂടി പഴയിടം മുതൽ എരുമേലി വരെ റോഡ് പൂർണമായും മികച്ച നിലയിൽ ഗതാഗതയോഗ്യമാകുമെന്നും ഇതോടുകൂടി എരുമേലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളുടെയും റീ ടാറിങ്- പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. ഈ മാസം 21 വരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്. 24 ന് ടെൻഡർ ഓപ്പൺ ചെയ്യും. ടെൻഡർ നടപടികൾക്ക് ശേഷം എത്രയും വേഗം റോഡ് പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിച്ച് ഗതാഗതയോഗമാക്കുമെന്നും എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!