രണ്ടു മാസത്തോളം റിമാന്‍ഡില്‍, കോളിളക്കം സൃഷ്ടിച്ച നേഴ്‌സിങ് കോളേജ് റാഗിംഗ് കേസ് പ്രതികള്‍ ഒടുവില്‍ പുറത്തിറങ്ങി

കോട്ടയം: കോളിളക്കം സൃഷ്ടിച്ച ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നേഴ്‌സിംഗ് കോളേജ് റാഗിംങ് കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി. പ്രതികളുടെ പ്രായവും മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും പരിഗണിച്ച് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഫെബ്രുവരി 10നു നടന്ന സംഭവത്തില്‍ 13 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരള ഗവ. സ്റ്റുഡന്‌റ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്‌റ് മലപ്പുറം വണ്ടൂര്‍ സ്വദേശി കെ പി രാഹുല്‍രാജ് (22), മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജില്‍ ജിത്ത് (20), വയനാട് നടവയല്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍ എസ് ജീവ (19), കോട്ടയം വാളകം കരയില്‍ സാമുവല്‍ ജോണ്‍സണ്‍ (20), കോരുത്തോട് മടുക്ക നെടുങ്ങാട് എന്‍.വി. വിവേക് (21) എന്നീ പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത് . ഇവര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അതിക്രൂരമായി റാഗ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. ബോയ്‌സ് ഹോസ്റ്റലിലെ താഴത്തെ നിലയില്‍ താമസിക്കുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഫോണില്‍ വിളിച്ചു മുകളിലത്തിച്ചായിരുന്നു പീഡിപ്പിച്ചിരുന്നത്. സംഭവത്തില്‍ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകള്‍ അടക്കം കേസെടുത്തിരുന്നു. ഗവര്‍ണ്ണറും റിപ്പോര്‍ട്ടു തേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!