CSIR-NIIST ൽ AcSIR-ന്റെ 13-ാമത് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

പദ്മഭൂഷൺ പുരസ്കാരജേതാവ് ഡോ. ടി. രാമസാമി മുഖ്യാതിഥിയായി

തിരുവനന്തപുരം : 2025  ഏപ്രിൽ 04

കേന്ദ്ര-ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന CSIR-NIIST യുടെ അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നോവേറ്റീവ് റിസർച്ചി (AcSIR)-ൻ്റെ13-ാമത് സ്ഥാപക ദിനം 2025 ഏപ്രിൽ 3-ന് ആഘോഷിച്ചു. മുൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും CSIR-ന്റെ ഡയറക്ടർ ജനറലുമായിരുന്ന പദ്മഭൂഷൺ ജേതാവ് ഡോ. ടി. രാമസാമി ചടങ്ങിൽ മുഖ്യാതിഥിയായി.സാങ്കേതിക പുരോഗതിക്ക് പ്രചോദനം നൽകുന്നതിൽ നവീന ഗവേഷണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ശാസ്ത്ര രംഗത്ത് പുതിയ അവശ്യമേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗവേഷകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഗവേഷണ സ്ഥാപനങ്ങൾ തങ്ങളുടെ സാങ്കേതിക വികസനം മെച്ചപ്പെടുത്തുന്നതിനും വാണിജ്യവത്കരണത്തിന് സഹായിക്കുന്നതിനുമായി വ്യവസായ മേഖലകളുമായി കൂടുതൽ സഹകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരമ്പരാഗത അക്കാദമിക് സമീപനങ്ങളെ മറികടന്ന് യഥാർത്ഥ ലോക പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരങ്ങൾ കണ്ടെത്താൻ യുവ ഗവേഷകർ ശ്രദ്ധിക്കണമെന്നും ഡോ. ടി. രാമസാമി നിർദ്ദേശിച്ചു. 2012-ൽ ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനം എന്ന നിലയിൽ AcSIR സ്ഥാപിതമായതിന്റെ സ്മരണ പുതുക്കിയായിരുന്നു ആഘോഷം. CSIR-NIIST-ന്റെ മാനവശേഷി, അക്കാദമിക് വിഭാഗം തലവനും ചീഫ് സയന്റിസ്റ്റുമായ ഡോ. ടി.പി.ഡി. രാജൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ഭാവിയിലെ ശാസ്ത്രീയ അന്വേഷണം രൂപപ്പെടുത്തുന്നതിലെയും ഇന്റർഡിസിപ്പ്ലിനറി ഗവേഷണ സംസ്കാരം വളർത്തുന്നതിലെയും AcSIR-ന്റെ മുഖ്യപങ്ക് CSIR-NIIST ഡയറക്ടർ ഡോ. സി. അനന്ദരാമകൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു. സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം, റീൽസ് മത്സരം, ക്വിസ് മത്സരം എന്നിവ ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഡോ. രാമസാമി വിജയികളെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!