ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ പഞ്ചഗുസ്തി താരം ജോബി മാത്യുവിന് നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി … “വൗ! ജോബി മാത്യു, താങ്കൾ നന്നായി എഴുതിയിരിക്കുന്നു, അതിശയകരമാംവിധം എഴുതിയിരിക്കുന്നു. ഈ കത്തിന് ഞാൻ നിങ്ങളോട് എന്റെ നന്ദി അറിയിക്കുന്നു”. എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന്, ഈ വളരെ ശുഭകരമായ ദിവസത്തിൽ, നിങ്ങളുമായി ‘മൻ കി ബാത്ത്’ പങ്കിടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്. ഭാരതീയ പുതുവത്സരവും ഇന്നുമുതൽ ആരംഭിക്കുകയാണ്. ഇത്തവണ വിക്രമികലണ്ടർ 2082 (രണ്ടായിരത്തി എൺപത്തിരണ്ട്) ആരംഭിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ ഒരുപാട് കത്തുകൾ എന്റെ മുന്നിൽ ഉണ്ട്. ചിലത് ബീഹാറിൽ നിന്ന്, ചിലത് ബംഗാളിൽ നിന്ന്, ചിലത് തമിഴ്‌നാട്ടിൽ നിന്ന്, ചിലത് ഗുജറാത്തിൽ നിന്ന്. ഇവയിൽ ആളുകൾ അവരുടെ ചിന്തകൾ വളരെ രസകരമായ രീതിയിൽ എഴുതിയിട്ടുണ്ട്. പല കത്തുകളിലും ആശംസകളും അഭിനന്ദന സന്ദേശങ്ങളും ഉണ്ട്. പക്ഷേ ഇന്ന് എനിക്ക് നിങ്ങളുമായി അതിലെ ചില സന്ദേശങ്ങൾ പങ്കിടാൻ തോന്നുന്നു –
കന്നടയിൽ എല്ലാവർക്കും ഉഗാദി ഉത്സവ ആശംസകൾ.
അടുത്ത സന്ദേശം –
തെലുങ്കിൽ എല്ലാവർക്കും ഉഗാദി ഉത്സവ ആശംസകൾ.
ഇതാ മറ്റൊരു കത്തിൽ കൊങ്കണിയിൽ എഴുതിയിരിക്കുന്നു –
സൻസാർ പട് വ ആശംസകൾ
അടുത്ത സന്ദേശം മറാത്തിയിലാണ്,
ഗുഡി പട് വ ദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ
ഞങ്ങളുടെ സഹപ്രവർത്തകരിൽ ഒരാൾ മലയാളത്തിൽ എഴുതിയിരിക്കുന്നു,
എല്ലാവർക്കും വിഷു ആശംസകൾ.
തമിഴിൽ മറ്റൊരു സന്ദേശമുണ്ട് –
എല്ലാവർക്കും പുതുവത്സരാശംസകൾ
സുഹൃത്തുക്കളേ, ഇവ വ്യത്യസ്ത ഭാഷകളിൽ അയച്ച സന്ദേശങ്ങാളാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. ഇതിന്റെ കാരണം എന്താണെന്ന് നിങ്ങൾക്കറിയാമോ? ഇന്ന് ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്ന വിശേഷം ഇതാണ്. ഇന്ന് മുതലോ അടുത്തുതന്നെയുള്ള ദിവസങ്ങളിലോ നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പുതുവർഷം ആരംഭിക്കുകയാണ്. ഈ സന്ദേശങ്ങളെല്ലാം പുതുവത്സരാശംസകളും വിവിധ ഉത്സവങ്ങളും നിറഞ്ഞതാണ്. അതുകൊണ്ടാണ് ആളുകൾ എനിക്ക് വ്യത്യസ്ത ഭാഷകളിൽ ആശംസകൾ അയച്ചത്.
സുഹൃത്തുക്കളെ, ഇന്ന് കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഉഗാദി ഉത്സവം വളരെ ഗംഭീരമായി ആഘോഷിക്കുകയാണ്. മഹാരാഷ്ട്രയിൽ ഇന്ന് ഗുഡി പട്വ ആഘോഷിക്കുകയാണ്. നമ്മുടെ വൈവിധ്യപൂർണ്ണമായ രാജ്യത്ത്, വരും ദിവസങ്ങളിൽ, വിവിധ സംസ്ഥാനങ്ങൾ അസമിൽ ‘റൊങ്കാലി ബിഹു’, ബംഗാളിൽ ‘പൊയില ബോയ്ഷാഖ്’, കശ്മീരിൽ ‘നവ്രേ’ എന്നിവ ആഘോഷിക്കും. അതുപോലെ, ഏപ്രിൽ 13 നും 15 നും ഇടയിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ഉത്സവങ്ങൾ നടക്കും. ഇതുമായി ബന്ധപ്പെട്ട് ആവേശത്തിന്റെ ഒരു അന്തരീക്ഷമുണ്ട്, ഈദ് പെരുന്നാൾ കൂടി വരുന്നു. അതായത് ഈ മാസം മുഴുവൻ ഉത്സവങ്ങളും ആഘോഷങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ഉത്സവങ്ങളുടെ വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. നമ്മുടെ ഈ ഉത്സവങ്ങൾ വ്യത്യസ്ത പ്രദേശങ്ങളിലായിരിക്കാം, പക്ഷേ ഭാരതത്തിന്റെ വൈവിധ്യത്തിൽ ഐക്യം എങ്ങനെ ഇഴചേർന്നിരിക്കുന്നുവെന്ന് അവ കാണിക്കുന്നു. ഈ ഐക്യബോധം നാം നിരന്തരം ശക്തിപ്പെടുത്തേണ്ടതുണ്ട്.
സുഹൃത്തുക്കളേ, പരീക്ഷ വരുമ്പോൾ, ഞാൻ എന്റെ യുവ സുഹൃത്തുക്കളുമായി പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യും. ഇപ്പോൾ പരീക്ഷകൾ കഴിഞ്ഞു. പല സ്കൂളുകളിലും, ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇതിനുശേഷം, വേനൽക്കാല അവധി ദിവസങ്ങൾ വരും. വർഷത്തിലെ ഈ സമയത്തിനായി കുട്ടികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഞാനും എന്റെ കൂട്ടുകാരും ദിവസം മുഴുവൻ എന്തെങ്കിലും കുസൃതികൾ കാണിച്ചിരുന്ന എന്റെ കുട്ടിക്കാലം ഞാൻ ഓർക്കുന്നു. എന്നാൽ അതേ സമയം, ഞങ്ങൾ സൃഷ്ടിപരമായ എന്തെങ്കിലും ചെയ്തു, പഠിച്ചു. വേനൽക്കാലത്ത് പകലിന് ദൈർഘ്യം കൂടുതലാണ്, കുട്ടികൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പുതിയൊരു ഹോബി ഏറ്റെടുക്കാനും നിങ്ങളുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള സമയമാണിത്. ഇന്ന്, കുട്ടികൾക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന അത്തരം വേദികൾക്ക് ഒരു കുറവുമില്ല. ഉദാഹരണത്തിന്, ഏതെങ്കിലും സ്ഥാപനം ഒരു ടെക്നോളജി ക്യാമ്പ് നടത്തുകയാണെങ്കിൽ, കുട്ടികൾക്ക് അവിടെ ആപ്പുകൾ നിർമ്മിക്കുന്നതിനൊപ്പം ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിനെക്കുറിച്ച് പഠിക്കാനും കഴിയും. പരിസ്ഥിതി, നാടകം അല്ലെങ്കിൽ നേതൃത്വപാടവം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ കോഴ്സുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്കും അവയിൽ ചേരാം. പ്രസംഗമോ നാടകമോ പഠിപ്പിക്കുന്ന നിരവധി സ്കൂളുകളുണ്ട്, ഇവ കുട്ടികൾക്ക് വളരെ ഉപയോഗപ്രദമാണ്. ഇതിനെല്ലാം പുറമേ, ഈ അവധിക്കാലത്ത് പല സ്ഥലങ്ങളിലും നടക്കുന്ന സന്നദ്ധപ്രവർത്തനങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ള അവസരവും നിങ്ങൾക്കുണ്ട്. അത്തരം പരിപാടികളെക്കുറിച്ച് എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട്. ഏതെങ്കിലും സംഘടന, സ്കൂൾ, സാമൂഹിക സ്ഥാപനം അല്ലെങ്കിൽ ശാസ്ത്ര കേന്ദ്രം ഇത്തരം വേനൽക്കാല പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണെങ്കിൽ, അത് #MyHolidays-ൽ ഷെയർ ചെയ്യുക. ഇങ്ങനെ ചെയ്താൽ രാജ്യമെമ്പാടുമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇവയെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കും.
എന്റെ യുവസുഹൃത്തുക്കളെ, ഈ വേനൽക്കാല അവധിക്കാലത്തിനായി തയ്യാറാക്കിയ My-bharat ആ പ്രത്യേക കലണ്ടറിനെക്കുറിച്ച് ഇന്ന് ഞാൻ നിങ്ങളുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ കലണ്ടറിന്റെ ഒരു പകർപ്പ് ഇപ്പോൾ എന്റെ മുമ്പിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ കലണ്ടറിലെ ചില അതുല്യമായ ശ്രമങ്ങൾ ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. My-bharat പഠനയാത്രയിലെന്നപോലെ, ഞങ്ങളുടെ ‘ജൻ ഔഷധി കേന്ദ്രങ്ങൾ’ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും. വൈബ്രന്റ് വില്ലേജ് കാമ്പെയ്‌നിന്റെ ഭാഗമാകുന്നതിലൂടെ അതിർത്തി ഗ്രാമങ്ങളിൽ നിങ്ങൾക്ക് ഒരു സവിശേഷ അനുഭവം നേടാൻ കഴിയും. ഇതോടൊപ്പം, നിങ്ങൾക്ക് തീർച്ചയായും അവിടെയുള്ള സാംസ്കാരിക, കായിക പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിയും. അംബേദ്കർ ജയന്തി ദിനത്തിൽ പദയാത്രയിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനും കഴിയും. കുട്ടികളോടും അവരുടെ മാതാപിതാക്കളോടും എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട്, അവരുടെ അവധിക്കാല അനുഭവങ്ങൾ #HolidayMemories-മായി പങ്കിടണം. വരാനിരിക്കുന്ന ‘മൻ കി ബാത്തി’ൽ നിങ്ങളുടെ അനുഭവങ്ങൾ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വേനൽക്കാലം ആരംഭിക്കുമ്പോൾ തന്നെ, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ജലസംരക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. പല സംസ്ഥാനങ്ങളിലും ജലകൊയ്ത്തും ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുതിയ വേഗത കൈവന്നിട്ടുണ്ട്. ജലവൈദ്യുത മന്ത്രാലയവും വിവിധ സന്നദ്ധ സംഘടനകളും ഈ ദിശയിൽ പ്രവർത്തിക്കുന്നു. രാജ്യത്ത് ആയിരക്കണക്കിന് കൃത്രിമ കുളങ്ങൾ, ചെക്ക് ഡാമുകൾ, കുഴൽക്കിണർ റീചാർജ്, കമ്മ്യൂണിറ്റി സോക്ക് പിറ്റുകൾ എന്നിവ നിർമ്മിക്കപ്പെടുന്നു. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ‘Catch the rain’ എന്ന പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ പ്രചാരണം സർക്കാരിന്റെതല്ല, മറിച്ച് സമൂഹത്തിന്റേതാണ്, സാധാരണക്കാരുടെതാണ്. കൂടുതൽ കൂടുതൽ ആളുകളെ ജലസംരക്ഷണവുമായി ബന്ധിപ്പിക്കുന്നതിനായി, ജലസംരക്ഷണത്തെക്കുറിച്ചുള്ള പൊതുജനപങ്കാളിത്ത കാമ്പെയ്‌നും നടത്തുന്നു. നമുക്ക് ലഭിച്ച പ്രകൃതിവിഭവങ്ങൾ അടുത്ത തലമുറയ്ക്ക് സുരക്ഷിതമായി കൈമാറുക എന്നതാണ് നമ്മുടെ ശ്രമം.
സുഹൃത്തുക്കളേ, മഴത്തുള്ളികളെ സംരക്ഷിക്കുന്നതിലൂടെ നമുക്ക് ധാരാളം വെള്ളം പാഴാകുന്നത് ഒഴിവാക്കാൻ കഴിയും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഈ കാമ്പെയ്‌നിന്റെ കീഴിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അഭൂതപൂർവമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. രസകരമായ ഒരു സ്ഥിതിവിവരക്കണക്ക് ഞാൻ നിങ്ങൾക്ക് നൽകട്ടെ. കഴിഞ്ഞ 7-8 വർഷത്തിനുള്ളിൽ, പുതുതായി നിർമ്മിച്ച ടാങ്കുകൾ, കുളങ്ങൾ, മറ്റ് ജല റീചാർജ് ഘടനകൾ എന്നിവയിലൂടെ 11 ബില്യൺ ക്യുബിക് മീറ്ററിലധികം വെള്ളം സംരക്ഷിക്കപ്പെട്ടു. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും 11 ബില്യൺ ക്യുബിക് മീറ്റർ വെള്ളം എത്രയുണ്ടാകുമെന്ന്?
സുഹൃത്തുക്കളേ, ഭക്രനംഗൽ അണക്കെട്ടിൽ അടിഞ്ഞുകൂടുന്ന വെള്ളത്തിന്റെ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഈ വെള്ളമാണ് ഗോവിന്ദ് സാഗർ തടാകത്തിന് രൂപം നൽകുന്നത്. ഈ തടാകത്തിന്റെ നീളം തന്നെ 90 കിലോമീറ്ററിൽ കൂടുതലാണ്. ഈ തടാകത്തിൽ പോലും 9-10 ബില്യൺ ക്യുബിക് മീറ്ററിൽ കൂടുതൽ വെള്ളം സംരക്ഷിക്കാൻ കഴിയില്ല. 9-10 ബില്യൺ ക്യുബിക് മീറ്റർ മാത്രം! ചെറിയ പരിശ്രമങ്ങളിലൂടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 ബില്യൺ ക്യുബിക് മീറ്റർ വെള്ളം സംരക്ഷിക്കാൻ നാട്ടുകാർക്ക് കഴിഞ്ഞു – ഇതൊരു മികച്ച ശ്രമമല്ലേ!
സുഹൃത്തുക്കളേ, കർണാടകയിലെ ഗഡാഗ് ജില്ലയിലെ ജനങ്ങളും ഈ ദിശയിൽ ഒരു മാതൃക കാണിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇവിടുത്തെ രണ്ട് ഗ്രാമങ്ങളിലെ തടാകങ്ങൾ പൂർണ്ണമായും വറ്റിപ്പോയി. മൃഗങ്ങൾക്കു പോലും കുടിക്കാൻ വെള്ളം കിട്ടാത്ത ഒരു കാലം വന്നു. ക്രമേണ തടാകം പുല്ലും കുറ്റിക്കാടുകളും കൊണ്ട് നിറഞ്ഞു. എന്നാൽ ഗ്രാമത്തിലെ ചിലർ തടാകം പുനരുജ്ജീവിപ്പിക്കാൻ തീരുമാനിക്കുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ‘ഇച്ഛാശക്തിയുള്ളിടത്ത് ഒരു വഴിയുണ്ടെന്ന്’ അവർ പറയുന്നു. ഗ്രാമവാസികളുടെ പരിശ്രമം കണ്ട്, സമീപത്തുള്ള സാമൂഹിക സംഘടനകളും അവരോടൊപ്പം ചേർന്നു. എല്ലാവരും ഒരുമിച്ച് മാലിന്യവും ചെളിയും വൃത്തിയാക്കി, കുറച്ച് സമയത്തിനുശേഷം തടാക പ്രദേശം പൂർണ്ണമായും വൃത്തിയായി. ഇപ്പോൾ ആളുകൾ മഴക്കാലത്തിനായി കാത്തിരിക്കുകയാണ്. ശരിക്കും പറഞ്ഞാൽ, Catch the rain’ എന്ന പ്രചാരണത്തിന്റെ ഒരു മികച്ച ഉദാഹരണമാണിത്. സുഹൃത്തുക്കളേ, നിങ്ങളുടെ നാട്ടിൽ നിങ്ങൾക്കും ഇത്തരം ശ്രമങ്ങളിൽ പങ്കുചേരാം. ഈ ബഹുജന പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾ ഇപ്പോൾ തന്നെ ആസൂത്രണം ആരംഭിക്കണം, ഒരു കാര്യം കൂടി നിങ്ങൾ ഓർമ്മിക്കണം – സാധ്യമെങ്കിൽ, വേനൽക്കാലത്ത് നിങ്ങളുടെ വീടിന് മുന്നിൽ ഒരു പാത്രം തണുത്ത വെള്ളം സൂക്ഷിക്കുക. വീടിന്റെ മേൽക്കൂരയിലോ വരാന്തയിലോ പക്ഷികൾക്കായി വെള്ളം വയ്ക്കുക. ഈ നല്ല പ്രവൃത്തി ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് എത്ര സുഖം തോന്നുമെന്ന് നോക്കൂ.
സുഹൃത്തുക്കളേ, ഇനി ‘മൻ കി ബാത്തിൽ’ ധൈര്യത്തിന്റെ പറക്കലിനെക്കുറിച്ച് സംസാരിക്കാം! വെല്ലുവിളികൾക്കിടയിലും അഭിനിവേശം പ്രകടിപ്പിക്കാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാപിച്ച ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ, കളിക്കാർ അവരുടെ സമർപ്പണവും കഴിവും കൊണ്ട് വീണ്ടും എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇത്തവണ മുമ്പത്തേക്കാൾ കൂടുതൽ കളിക്കാർ ഈ ഗെയിമുകളിൽ പങ്കെടുത്തു. പാരാ സ്‌പോർട്‌സ് എത്രത്തോളം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ് എന്ന് ഇത് കാണിക്കുന്നു. ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ പങ്കെടുത്ത എല്ലാ കളിക്കാരെയും അവരുടെ മികച്ച പരിശ്രമത്തിന് ഞാൻ അഭിനന്ദിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഹരിയാന, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കളിക്കാരെ ഞാൻ അഭിനന്ദിക്കുന്നു. ഈ മത്സരങ്ങളിൽ, നമ്മുടെ ദിവ്യാംഗരായ കളിക്കാർ 18 ദേശീയ റെക്കോർഡുകൾ സൃഷ്ടിച്ചു. അതിൽ 12 എണ്ണം നമ്മുടെ വനിതാ കളിക്കാരുടെ പേരുകളിലായിരുന്നു. ഈ വർഷത്തെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ പഞ്ചഗുസ്തി താരം ജോബി മാത്യു എനിക്ക് ഒരു കത്തെഴുതി. അദ്ദേഹത്തിന്റെ കത്തിൽ നിന്ന് കുറച്ച് ഭാഗം ഞാൻ വായിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം എഴുതിയിട്ടുണ്ട്-

“മെഡൽ നേടുന്നത് വളരെ സവിശേഷമാണ്, പക്ഷേ ഞങ്ങളുടെ പോരാട്ടം വേദിയിൽ നിൽക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഞങ്ങൾ എല്ലാ ദിവസവും പോരാടുന്നുണ്ട്. ജീവിതം നമ്മെ പല തരത്തിൽ പരീക്ഷിക്കുന്നു, വളരെ കുറച്ച് ആളുകൾക്ക് മാത്രമേ നമ്മുടെ പോരാട്ടം മനസ്സിലാകൂ. ഇതൊക്കെയാണെങ്കിലും, ഞങ്ങൾ ധൈര്യത്തോടെ മുന്നോട്ട് പോകുന്നു. ഞങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഞങ്ങൾ ആരെക്കാളും മോശക്കാരല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”
വൗ! ജോബി മാത്യു, താങ്കൾ നന്നായി എഴുതിയിരിക്കുന്നു, അതിശയകരമാംവിധം എഴുതിയിരിക്കുന്നു. ഈ കത്തിന് ഞാൻ നിങ്ങളോട് എന്റെ നന്ദി അറിയിക്കുന്നു. ജോബി മാത്യുവിനോടും ഞങ്ങളുടെ എല്ലാ ദിവ്യാംഗ സുഹൃത്തുക്കളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ ശ്രമങ്ങൾ ഞങ്ങൾക്ക് വലിയ പ്രചോദനമാണ്.
സുഹൃത്തുക്കളേ, ഡൽഹിയിൽ നടന്ന മറ്റൊരു മഹത്തായ പരിപാടി ആളുകളെ വളരെയധികം പ്രചോദിപ്പിക്കുകയും അവരിൽ ആവേശം നിറയ്ക്കുകയും ചെയ്തു. ഒരു നൂതന ആശയമായിട്ടാണ് ഫിറ്റ് ഇന്ത്യ കാർണിവൽ ആദ്യമായി സംഘടിപ്പിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 25,000 ത്തോളം പേർ ഇതിൽ പങ്കെടുത്തു. അവർക്കെല്ലാവർക്കും ഒരേ ലക്ഷ്യമായിരുന്നു – ഫിറ്റ്നസ് നിലനിർത്തുക, ഫിറ്റ്നസിനെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക. ഈ പരിപാടിയിൽ പങ്കെടുത്ത ആളുകൾക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു. നിങ്ങളുടെ പ്രദേശങ്ങളിലും ഇത്തരം കാർണിവലുകൾ സംഘടിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ സംരംഭത്തിൽ My-Bharat നിങ്ങൾക്ക് വളരെ സഹായകരമാകും.
സുഹൃത്തുക്കളേ, നമ്മുടെ തദ്ദേശീയ കളികൾ ഇപ്പോൾ ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി മാറുകയാണ്. പ്രശസ്ത റാപ്പർ ഹനുമാൻകൈൻഡിനെ നിങ്ങൾക്കെല്ലാവർക്കും അറിയാമായിരിക്കും. ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ഗാനമായ “റൺ ഇറ്റ് അപ്പ്” വളരെ പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്. കളരിപ്പയറ്റ്, ഗട്ക, താങ്-ട തുടങ്ങിയ നമ്മുടെ പരമ്പരാഗത ആയോധനകലകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹനുമാൻകൈൻഡിന്റെ പരിശ്രമത്തിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് നമ്മുടെ പരമ്പരാഗത ആയോധനകലകളെക്കുറിച്ച് അറിയാൻ കഴിയുന്നു എന്നതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എല്ലാ മാസവും MyGov-ലൂടെയും NaMo ആപ്പിലൂടെയും നിങ്ങളിൽ നിന്ന് എനിക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നു. പല സന്ദേശങ്ങളും എന്റെ ഹൃദയത്തെ സ്പർശിക്കുന്നു, ചിലത് എന്നിൽ അഭിമാനം നിറയ്ക്കുന്നു. പലപ്പോഴും ഈ സന്ദേശങ്ങളിൽ നമ്മുടെ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള അതുല്യമായ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഇത്തവണ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സന്ദേശം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വാരണാസിയിൽ നിന്നുള്ള അഥർവ കപൂർ, മുംബൈയിൽ നിന്നുള്ള ആര്യഷ് ലിഖ, ആട്രി മാൻ എന്നിവർ എന്റെ മൗറീഷ്യസ് സന്ദർശനത്തെക്കുറിച്ചുള്ള അവരുടെ വികാരങ്ങൾ എഴുതി അയച്ചു. ഈ യാത്രയിൽ ഗീത് ഗവായിയുടെ പ്രകടനം തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും ലഭിച്ച നിരവധി കത്തുകളിൽ സമാനമായ വികാരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. മൗറീഷ്യസിൽ ഗീത് ഗവായിയുടെ അസാമാന്യമായ പ്രകടനത്തിനിടെ ഞാൻ അനുഭവിച്ചത് ശരിക്കും അത്ഭുതകരമായിരുന്നു.
സുഹൃത്തുക്കളേ, നമ്മൾ നമ്മുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, എത്ര വലിയ കൊടുങ്കാറ്റ് വന്നാലും, അതിന് നമ്മെ പിഴുതെറിയാൻ കഴിയില്ല. ഒന്ന് ചിന്തിച്ചു നോക്കൂ, ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ നിന്ന് നിരവധി ആളുകൾ മൗറീഷ്യസിലേക്ക് കരാറുകാരായി പോയി. അടുത്തതായി എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ കാലക്രമേണ അവർ അവിടെ സ്ഥിരതാമസമാക്കി. മൗറീഷ്യസിൽ അവർ വലിയൊരു പേര് സമ്പാദിച്ചു. അവർ അവരുടെ പൈതൃകം കാത്തുസൂക്ഷിക്കുകയും അവരുടെ വേരുകളുമായി ബന്ധം പുലർത്തുകയും ചെയ്തു. മൗറീഷ്യസ് മാത്രമല്ല അത്തരമൊരു ഉദാഹരണം. കഴിഞ്ഞ വർഷം ഞാൻ ഗയാനയിൽ പോയപ്പോൾ, അവിടുത്തെ ചൗട്ടാൽ പ്രകടനം എന്നെ വളരെയധികം ആകർഷിച്ചു.
സുഹൃത്തുക്കളേ, ഇനി ഞാൻ നിങ്ങൾക്കായി ഒരു ഓഡിയോ പ്ലേ ചെയ്യട്ടെ.
#(ഓഡിയോ ക്ലിപ്പ് ഫിജി)#
ഇത് നമ്മുടെ രാജ്യത്തിന്റെ ഏതോ ഭാഗത്തെക്കുറിച്ചാണെന്ന് നിങ്ങൾ കരുതുന്നുണ്ടാകും. പക്ഷേ അത് ഫിജിയുമായി ബന്ധപ്പെട്ടതാണെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. ഇതാണ് ഫിജിയിലെ വളരെ പ്രശസ്തമായ ‘ഫാഗ്വാ ചൗട്ടാൽ’. ഈ പാട്ടുകളും സംഗീതവും എല്ലാവരെയും ആവേശം കൊള്ളിക്കുന്നു. ഞാൻ നിങ്ങൾക്കായി മറ്റൊരു ഓഡിയോ പ്ലേ ചെയ്യട്ടെ.
#(ഓഡിയോ ക്ലിപ്പ് സുരിനാം)#
ഈ ഓഡിയോ സുരിനാമിലെ ‘ചൗട്ടൽ’ ആണ്. ഈ പരിപാടി ടിവിയിൽ കാണുന്ന നാട്ടുകാർക്ക് സുരിനാമിന്റെ പ്രസിഡന്റും എന്റെ സുഹൃത്ത് ശ്രീ.ചാൻ സന്തോഖിയും ഇത് ആസ്വദിക്കുന്നത് കാണാൻ കഴിയും. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലും ഈ കൂട്ടായ്മകളുടെയും ഗാനങ്ങളുടെയും പാരമ്പര്യം വളരെ ജനപ്രിയമാണ്. ഈ രാജ്യങ്ങളിലെല്ലാം ആളുകൾ രാമായണം ധാരാളം വായിക്കുന്നു. ഫഗ്വ ഇവിടെ വളരെ പ്രശസ്തമാണ്, എല്ലാ ഭാരതീയ ഉത്സവങ്ങളും പൂർണ്ണ ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു. അവരുടെ പല ഗാനങ്ങളും ഭോജ്പുരി, അവധി, അല്ലെങ്കിൽ ഒരു മിശ്രിത ഭാഷയിലാണ്, ഇടയ്ക്കിടെ ബ്രജ്, മൈഥിലി എന്നിവയും ഉപയോഗിക്കുന്നു. ഈ രാജ്യങ്ങളിൽ നമ്മുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്ന എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.
സുഹൃത്തുക്കളേ, വർഷങ്ങളായി ഭാരതീയ സംസ്കാരം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന അത്തരം നിരവധി സംഘടനകൾ ലോകത്തിലുണ്ട്. അത്തരത്തിലുള്ള ഒരു സംഘടനയാണ് – ‘സിംഗപ്പൂർ ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റി’. ഭാരതീയ നൃത്തം, സംഗീതം, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഈ സംഘടന അതിന്റെ മഹത്തായ 75 വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഈ അവസരവുമായി ബന്ധപ്പെട്ട പരിപാടിയിൽ സിംഗപ്പൂർ പ്രസിഡന്റ് ശ്രീ. തർമൻ ഷൺമുഖരത്നം വിശിഷ്ടാതിഥിയായിരുന്നു. ഈ സംഘടനയുടെ ശ്രമങ്ങളെ അദ്ദേഹം വളരെയധികം അഭിനന്ദിച്ചു. ഈ ടീമിന് എന്റെ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ, ‘മൻ കി ബാത്തി’ൽ നമ്മൾ പലപ്പോഴും ജനങ്ങളുടെ നേട്ടങ്ങൾക്കൊപ്പം സാമൂഹിക വിഷയങ്ങളും ഉന്നയിക്കാറുണ്ട്. ചിലപ്പോൾ വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യുന്നു. ഇത്തവണ ‘മന്‍ കീ ബാത്തി’ല്‍, നമ്മളെല്ലാവരുമായും നേരിട്ട് ബന്ധപ്പെട്ട ഒരു വെല്ലുവിളിയെക്കുറിച്ച് ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇതാണ് ‘ടെക്സ്റ്റൈൽ വേസ്റ്റ്’ എന്ന വെല്ലുവിളി. ഈ തുണി മാലിന്യത്തിൽ പുതിയതായി എന്ത് പ്രശ്നമാണ് ഉണ്ടായതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും? വാസ്തവത്തിൽ, തുണിത്തരങ്ങളുടെ മാലിന്യം ലോകമെമ്പാടും ആശങ്കയുണ്ടാക്കുന്ന ഒരു പുതിയ പ്രധാന കാരണമായി മാറിയിരിക്കുന്നു. ഇക്കാലത്ത്, പഴയ വസ്ത്രങ്ങൾ എത്രയും വേഗം ഉപേക്ഷിച്ച് പുതിയത് വാങ്ങുന്ന പ്രവണത ലോകമെമ്പാടും വർദ്ധിച്ചുവരികയാണ്. നിങ്ങൾ ധരിക്കാതെ ഉപേക്ഷിക്കുന്ന പഴയ വസ്ത്രങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് തുണി മാലിന്യമായി മാറുന്നു. ഈ വിഷയത്തിൽ ആഗോളതലത്തിൽ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഒരു ഗവേഷണം വെളിപ്പെടുത്തിയത് തുണിത്തരങ്ങളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ പുതിയ വസ്ത്രങ്ങളാക്കി മാറ്റുന്നുള്ളൂ എന്നാണ് – ഒരു ശതമാനത്തിൽ താഴെ മാത്രം! ലോകത്ത് ഏറ്റവും കൂടുതൽ തുണി മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്ന മൂന്നാമത്തെ രാജ്യമാണ് ഭാരതം. ഇതിനർത്ഥം നമ്മളും ഒരു വലിയ വെല്ലുവിളി നേരിടുന്നു എന്നാണ്. പക്ഷേ, ഈ വെല്ലുവിളി നേരിടാൻ നമ്മുടെ രാജ്യത്ത് നിരവധി പ്രശംസനീയമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഭാരതത്തിലെ നിരവധി സ്റ്റാർട്ടപ്പുകൾ ടെക്സ്റ്റൈൽസ് റിക്കവറി ഫെസിലിറ്റീസ് എന്ന വിഷയത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന അത്തരം നിരവധി ടീമുകളുണ്ട്. സുസ്ഥിര ഫാഷനു വേണ്ടിയുള്ള ശ്രമങ്ങളിൽ നിരവധി യുവ സുഹൃത്തുക്കൾ പങ്കാളികളാണ്. അവർ പഴയ വസ്ത്രങ്ങളും ചെരിപ്പുകളും പുനരുപയോഗിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നു. അലങ്കാര വസ്തുക്കൾ, ഹാൻഡ്‌ബാഗുകൾ, സ്റ്റേഷനറി വസ്തുക്കൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ തുണി മാലിന്യത്തിൽ നിന്ന് നിർമ്മിക്കുന്നുണ്ട്. ഇന്ന് പല സംഘടനകളും ‘സർക്കുലർ ഫാഷൻ ബ്രാൻഡിനെ’ ജനപ്രിയമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. ഡിസൈനർ വസ്ത്രങ്ങൾ വാടകയ്ക്ക് ലഭിക്കുന്ന പുതിയ വാടക പ്ലാറ്റ്‌ഫോമുകളും തുറക്കുന്നുണ്ട്. ചില സംഘടനകൾ പഴയ വസ്ത്രങ്ങൾ ശേഖരിച്ച് പുനരുപയോഗിക്കാവുന്നതാക്കി ദരിദ്രർക്ക് വിതരണം ചെയ്യുന്നു.
സുഹൃത്തുക്കളേ, ചില നഗരങ്ങൾ തുണി മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പുതിയൊരു അടയാളം സൃഷ്ടിക്കുന്നുണ്ട്. ഹരിയാനയിലെ പാനിപ്പത്ത് ടെക്സ്റ്റൈൽ റീസൈക്ലിംഗിന്റെ ആഗോള കേന്ദ്രമായി വളരുകയാണ്. നൂതന സാങ്കേതിക പരിഹാരങ്ങളിലൂടെ ബെംഗളൂരു വ്യത്യസ്ത മുദ്ര പതിപ്പിക്കുകയാണ്. തുണിത്തരങ്ങളുടെ പകുതിയിലധികവും ഇവിടെയാണ് ശേഖരിക്കുന്നത്, ഇത് നമ്മുടെ മറ്റ് നഗരങ്ങൾക്കും ഒരു മാതൃകയാണ്. അതുപോലെ, തമിഴ്‌നാട്ടിലെ തിരുപ്പൂർ Waste water treatmentഉം, Renewable energyയിലൂടെ Textile waste management പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഫിറ്റ്‌നസിനൊപ്പം എണ്ണവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഒരു ദിവസം എത്ര ചുവടുകൾ നടന്നു എന്നതിന്റെ എണ്ണവും, ഒരു ദിവസം എത്ര കലോറി കഴിച്ചു എന്നതിന്റെ എണ്ണവും, എത്ര കലോറി കത്തിച്ചു കളഞ്ഞു എന്നതിന്റെ എണ്ണവും, ഇത്രയും എണ്ണങ്ങൾക്കിടയിൽ, മറ്റൊരു കൗണ്ട്ഡൗൺ ആരംഭിക്കാൻ പോകുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിലേക്കുള്ള കൗണ്ട്ഡൗൺ. യോഗ ദിനത്തിന് ഇനി 100 ദിവസത്തിൽ താഴെ മാത്രം. ഇതുവരെ നിങ്ങളുടെ ജീവിതത്തിൽ യോഗ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, ഇപ്പോൾ തന്നെ അത് ചെയ്യുക, ഇനിയും വൈകിയിട്ടില്ല. പത്ത് വർഷങ്ങൾക്ക് മുമ്പ് 2015 ജൂൺ 21 നാണ് ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചത്. ഇപ്പോൾ ഈ ദിവസം യോഗയുടെ മഹോത്സവ രൂപമായി മാറിയിരിക്കുന്നു. ഭാരതം മനുഷ്യരാശിക്ക് നൽകുന്ന വിലയേറിയ സമ്മാനമാണിത്, ഭാവി തലമുറകൾക്ക് ഇത് വളരെ ഉപയോഗപ്രദമാകും. 2025 ലെ യോഗ ദിനത്തിന്റെ പ്രമേയം ‘Yoga for one earth one health’ എന്നതാണ്. അതായത് യോഗയിലൂടെ ലോകം മുഴുവൻ ആരോഗ്യകരമാക്കാൻ നാം ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ലോകമെമ്പാടും നമ്മുടെ യോഗയെയും പരമ്പരാഗത വൈദ്യശാസ്ത്രത്തെയും കുറിച്ചുള്ള ജിജ്ഞാസ വർദ്ധിച്ചുവരുന്നു എന്നത് നമുക്കെല്ലാവർക്കും അഭിമാനകരമായ കാര്യമാണ്. യോഗയും ആയുർവേദവും ആരോഗ്യത്തിനുള്ള മികച്ച മാർഗമായി കണക്കാക്കി ധാരാളം യുവാക്കൾ അവ സ്വീകരിക്കുന്നു. ഇപ്പോൾ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയെപ്പോലെ. ആയുർവേദം അവിടെ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ബ്രസീൽ സന്ദർശന വേളയിൽ ഞാൻ ചിലി പ്രസിഡന്റിനെ കണ്ടു. ആയുർവേദത്തിന്റെ ഈ ജനപ്രീതിയെക്കുറിച്ച് ഞങ്ങൾക്കിടയിൽ ധാരാളം ചർച്ചകൾ നടന്നു. സോമോസ് ഇന്ത്യ എന്നൊരു ടീമിനെക്കുറിച്ച് ഞാൻ അറിഞ്ഞു. സ്പാനിഷിൽ അതിന്റെ അർത്ഥം – നമ്മൾ ഇന്ത്യയാണ്. ഒരു പതിറ്റാണ്ടോളമായി യോഗയും ആയുർവേദവും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ ടീം ഏർപ്പെട്ടിരിക്കുന്നു. ചികിത്സയിലും വിദ്യാഭ്യാസ പരിപാടികളിലുമാണ് അവരുടെ ശ്രദ്ധ. ആയുർവേദം, യോഗ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്പാനിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കുറിച്ച് മാത്രം പറയുകയാണെങ്കിൽ, ഏകദേശം ഒൻപതിനായിരം ആളുകൾ അവരുടെ വിവിധ പരിപാടികളിലും കോഴ്സുകളിലും പങ്കെടുത്തു. ഈ ടീമുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരിശ്രമത്തിന് ഞാൻ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇനി ‘മൻ കി ബാത്തി’ൽ ഒരു രസകരമായ ചോദ്യം! നിങ്ങൾ എപ്പോഴെങ്കിലും ഒരു പുഷ്പ യാത്രയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ! മരങ്ങളിൽ നിന്നും ചെടികളിൽ നിന്നും വളരുന്ന ചില പൂക്കൾ ക്ഷേത്രങ്ങളിലേക്ക് സഞ്ചരിക്കുന്നു. ചില പൂക്കൾ വീടിനെ മനോഹരമാക്കുന്നു, ചിലത് സുഗന്ധദ്രവ്യങ്ങളിൽ ലയിച്ച് എല്ലായിടത്തും സുഗന്ധം പരത്തുന്നു. എന്നാൽ ഇന്ന് ഞാൻ നിങ്ങളോട് മറ്റൊരു പൂക്കളുടെ യാത്രയെക്കുറിച്ച് പറയാം. മഹുവ പൂക്കളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. നമ്മുടെ ഗ്രാമങ്ങളിലെ ആളുകൾക്ക്, പ്രത്യേകിച്ച് ആദിവാസി സമൂഹത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഹുവ പൂക്കളുടെ യാത്ര ഇപ്പോൾ ഒരു പുതിയ പാതയിലേക്ക് ആരംഭിച്ചിരിക്കുന്നു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് മഹുവ പൂക്കളിൽ നിന്ന് കുക്കീസ് നിർമ്മിക്കുന്നത്. രാജഖോ ഗ്രാമത്തിലെ നാല് സഹോദരിമാരുടെ പരിശ്രമം മൂലം ഈ കുക്കീസ് വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഈ സ്ത്രീകളുടെ ആവേശം കണ്ട്, ഒരു വലിയ കമ്പനി അവർക്ക് ഫാക്ടറിയിൽ ജോലി ചെയ്യാൻ പരിശീലനം നൽകി. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗ്രാമത്തിലെ നിരവധി സ്ത്രീകൾ അവർക്കൊപ്പം ചേർന്നു. അവർ നിർമ്മിക്കുന്ന മഹുവ കുക്കീസിന്റെ ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലും രണ്ട് സഹോദരിമാർ മഹുവ പൂക്കളിൽ ഒരു പുതിയ പരീക്ഷണം നടത്തി. ഇവ ഉപയോഗിച്ച് അവർ പലതരം വിഭവങ്ങൾ ഉണ്ടാക്കുന്നു, ആളുകൾക്ക് ഇത് വളരെ ഇഷ്ടമാണ്. അവരുടെ വിഭവങ്ങളിലും ആദിവാസി സംസ്കാരത്തിന്റെ മധുരമുണ്ട്.
സുഹൃത്തുക്കളേ, മറ്റൊരു അത്ഭുതകരമായ പുഷ്പത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, അതിന്റെ പേര് ‘കൃഷ്ണ കമൽ’ എന്നാണ്. ഗുജറാത്തിലെ ഏക്താ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റി നിങ്ങൾ സന്ദർശിച്ചിട്ടുണ്ടോ? സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് ചുറ്റും ഈ കൃഷ്ണ കമലത്തെ നിങ്ങൾക്ക് ധാരാളം കാണാൻ കഴിയും. ഈ പൂക്കൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഏക്താ നഗറിലെ ആരോഗ്യ വനം, ഏക്താ നഴ്സറി, വിശ്വ വനം, മിയാവാക്കി വനം എന്നിവിടങ്ങളിലെ ആകർഷണ കേന്ദ്രമായി ഈ കൃഷ്ണ കമലം മാറിയിരിക്കുന്നു. ലക്ഷക്കണക്കിന് കൃഷ്ണ കമലങ്ങൾ ഇവിടെ ആസൂത്രിതമായ രീതിയിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ചുറ്റും നോക്കിയാൽ, പൂക്കളുടെ രസകരമായ യാത്രകൾ നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളുടെ പ്രദേശത്തെ പൂക്കളുടെ അത്തരമൊരു അതുല്യമായ യാത്രയെക്കുറിച്ച് നിങ്ങൾ എനിക്ക് എഴുതണം.
എന്റെ പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ ചിന്തകളും അനുഭവങ്ങളും വിവരങ്ങളും എപ്പോഴും എന്നോടൊപ്പം പങ്കുവെക്കുക. നിങ്ങളുടെ ചുറ്റും എന്തെങ്കിലും സംഭവിക്കുന്നുണ്ടാകാം, അത് സാധാരണമാണെന്ന് തോന്നാം, പക്ഷേ മറ്റുള്ളവർക്ക് ആ വിഷയം വളരെ രസകരവും പുതിയതുമായിരിക്കാം. നമ്മുടെ നാട്ടുകാരെക്കുറിച്ച് നമ്മെ പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം നമ്മൾ വീണ്ടും കണ്ടുമുട്ടും. എല്ലാവർക്കും വളരെ നന്ദി, നമസ്‌കാരം.

