മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും

വയനാട് :  മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഇന്ന് വൈകീട്ടാണ് ചടങ്ങ്. റവന്യൂമന്ത്രി കെ രാജന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സംസ്ഥാന മന്ത്രിമാര്‍, പ്രിയങ്കാഗാന്ധി എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ വകുപ്പ് മന്ത്രിമാരായ ഒ ആര്‍ കേളു, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, പ്രിയങ്കാഗാന്ധി എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ടി സിദ്ദിഖ് എം.എല്‍.എ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുനരധിവാസ ടൗണ്‍ഷിപ്പ് തറക്കല്ലിടലില്‍ പങ്കെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയില്‍ ഒറ്റനിലയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. എല്‍സ്റ്റണില്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പില്‍ മാതൃക വീടുകള്‍ക്ക് പുറമെ ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. 1,000 ചതുരശ്ര അടിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ടൗണ്‍ഷിപ്പിലെ വീടുകളിലുള്ളത്. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കും. ക്ലാസ് മുറി, കളി സ്ഥലം, ഡൈനിങ് റൂം, സ്റ്റോര്‍, അടുക്കള, അങ്കണവാടിക്ക് അകത്തും പുറത്തും കളിസ്ഥലം എന്നിവയാണ് അങ്കണവാടിയിലുണ്ടാവുക. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളിസ്ഥലം, പാര്‍ക്കിങ് എന്നിവ സജ്ജീകരിക്കും. മള്‍ട്ടി പര്‍പ്പസ് ഹാള്‍, കളിസ്ഥലം, ലൈബ്രറി, സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മ്മിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!