കോട്ടയം: ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 2024-25 വർഷത്തെ രണ്ടാം പാദ ജില്ലാതല കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ ) യോഗം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. അർഹരായ ജനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ധനസഹായങ്ങൾ കൃത്യമായ കാലയളവിനുള്ളിൽ വിനിയോഗിച്ചില്ലെങ്കിൽ ഈ തുക സർക്കാരിലേയക്ക് തിരിച്ചടയ്ക്കേണ്ടി വരുമെന്നുള്ളതിനാൽ, വേണ്ട നടപടികൾ ഉദ്യോഗസ്ഥർ വേഗത്തിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയിലെ 6769 കുടുംബങ്ങൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതി പ്രകാരം ജില്ലയിലെ 948 ഗുണഭോക്താക്കളുടെ ഭവനങ്ങൾ പൂർത്തിയാക്കി. ജില്ലയിൽ പദ്ധതികളെല്ലാം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ലഭ്യമായ ഫണ്ടുകളെല്ലാം കൃത്യമായി വിനിയോഗിച്ചതായും ജില്ലാ ഓഫീസർമാർ അറിയിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണർ ആൻഡ് പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, ഫ്രാൻസിസ് ജോർജ്ജ് എം.പിയുടെ പ്രതിനിധി എ.കെ.ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി പി.എൻ. അമീർ എന്നിവർ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ: കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 2024-25 വർഷത്തെ രണ്ടാം പാദ ജില്ലാതല കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സംസാരിക്കുന്നു.
