കോട്ടയം: സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയായി അഡ്വ. കെ അനിൽകുമാറിനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന ടി ആർ രഘുനാഥൻ സിപിഐ എം ജില്ലാ സെക്രട്ടറിയായതിനെ തുടർന്നാണിത്.
അനിൽകുമാർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഐപ്‌സോ അഖിലേന്ത്യ വൈസ്പ്രസിഡന്റായും അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റായും പ്രവർത്തിക്കുന്നു. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനഃസംയോജന പദ്ധതി നടപ്പിലാക്കുന്ന ജനകീയ കൂട്ടായ്മയുടെ കോ- ഓർഡിനേറ്ററാണ്.
കോട്ടയം ജില്ലയിലെ തിരുവാർപ്പിൽ ആർ കെ മേനോന്റെയും സുന്ദരവല്ലിയമ്മയുടെയും മകനായി 1963 ൽ ജനിച്ചു. കോട്ടയം സിഎംഎസ് കോളേജിൽനിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽനിന്ന് നിയമബിരുദവും നേടി. 1987 മുതൽ കോട്ടയം ജില്ലാ കോടതിയിൽ അഭിഭാഷകനാണ്. അടിയന്തരാവസ്ഥക്കാലത്ത് ബാലസംഘത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. ബാലസംഘം ജില്ലാ സെക്രട്ടറി, എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും കോട്ടയം സഹകരണ അർബൻ ബാങ്ക് ചെയർമാനായും പ്രവർത്തിച്ചു. ഭാര്യ: ശ്രീദേവി. മക്കൾ: കൃഷ്ണാ അനിൽകുമാർ, കൃപാ അനിൽകുമാർ. മരുമകൻ: ഡോ. സിദ്ധാർഥ് രാമചന്ദ്രൻ.
