പൂനെ : രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള വർഗീയ സംഘർഷത്തിന് പിന്നാലെ നാഗ്പൂരിലെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി നടന്ന വർഗീയ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഒരുവിഭാഗം ഖുര്‍ആന്‍ കത്തിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നാഗ്പൂരില്‍ സംഘര്‍ഷമുണ്ടായത്. മഹല്‍ എന്ന പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു. ഔറംഗസേബിന്റെ ശവകുടീരത്തിന്റെ പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) യുടെ സെക്ഷൻ 163 (അടിയന്തരമായി ശല്യപ്പെടുത്തുന്നതോ അപകടത്തിൽപ്പെടുന്നതോ ആയ കേസുകളിൽ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം) ചുമത്തി നാഗ്പൂർ പൊലീസ് കമ്മീഷണർ രവീന്ദർ സിംഗാൾ തിങ്കളാഴ്ച രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.കോട്‌വാലി, ഗണേഷ്‌പേട്ട്, തഹസിൽ, ലകദ്‌ഗഞ്ച്, പച്ച്പാവ്‌ലി, ശാന്തിനഗർ, സക്കർദാര, നന്ദൻവാൻ, ഇമാംവാഡ, യശോധരനഗർ, കപിൽനഗർ എന്നീ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾ ഒഴികെ, വ്യക്തികൾ അവരുടെ വീടുകൾക്ക് പുറത്ത് സഞ്ചരിക്കുന്നത് നിരോധിച്ചു. നിയമലംഘകർക്കെതിരെ നേരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 223 (പൊതുപ്രവർത്തകൻ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവ് അനുസരിക്കാത്തത്) പ്രകാരം നടപടിയെടുക്കുമെന്ന് ഉത്തരവിൽ പറയുന്നു.