കോട്ടയം : തെക്കേ അമേരിക്കന്‍ രാജ്യമായ ചിലെയിലെ വത്തിക്കാൻ സ്ഥാനപതിയായി (അപ്പോസ്‌തലിക് നുൺഷ്യോ) ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഈസ്റ്ററിനു ശേഷം ചുമതലയേൽക്കും. കോട്ടയം അതിരൂപതയിലെ നീണ്ടൂർ ഇടവകാംഗമാണ്
1966 ഓഗസ്റ്റ് നാലിനാണ് കുര്യൻ മാത്യു വയലുങ്കൽ ജനിച്ചത്. 2021 മുതൽ അൾജീരിയ, തുനീസിയ എന്നിവിടങ്ങളിലെ സ്ഥാനപതിയാണ്. 1991 ഡിസംബർ 27നു വൈദിക പട്ടം സ്വീകരിച്ചു. 1998ൽ റോമിലെ ഹോളിക്രോസ് പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്നു കാനൻ നിയമത്തിൽ പിഎച്ച്ഡി നേടിയശേഷം വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനം ആരംഭിച്ചു.ഗിനി, ദക്ഷിണ കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, ബംഗ്ലദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. 2016ൽ ഈജിപ്തിൽ സേവനം ചെയ്യുമ്പോഴാണ് ആർച്ച് ബിഷപ്പും പാപുവ ന്യൂഗിനി സ്ഥാനപതിയുമായി നിയമിക്കപ്പെട്ടത്.