ഗാസ : രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഗാസയിൽ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രയേൽ. കനത്ത ബോംബാക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടു. 500ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്.വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതോടെ, ഇന്ന് ഇസ്രയേല്‍ സൈന്യം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ വിപുലമായ ആക്രമണം നടത്തുകയായിരുന്നു.
ഗാസ സിറ്റി, മധ്യ ഗാസയിലെ ദെയ്ര് അല്‍-ബലായ്, ഖാന് യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നത്. ഇതിനു പുറമേ, തെക്കൻ ലെബനനിലും സിറിയയിലും ഇസ്രയേൽ വ്യോമാക്രമണങ്ങൾ നടത്തി.
ഹമാസിന്റെ താവളങ്ങളിൽ ആണ് ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്. ബന്ദികളെ മോചിപ്പിക്കാനുള്ള നിര്‍ദേശം അവഗണിച്ചതും വെടിനിര്‍ത്തല്‍ നീട്ടാനുള്ള യുഎസ് നിര്‍ദേശം ഹമാസ് നിരസിച്ചതിനെയും തുടര്‍ന്നാണ് ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.