നാം കാവലാളാകണം – മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: വി.യൗസേപ്പിതാവ് തിരുക്കുടുംബത്തെ വലിയ അപകടങ്ങളില്‍ നിന്നും രക്ഷിച്ചതുപോലെ ഈ കാലഘട്ടത്തില്‍ കുടുംബങ്ങളുടെ അടിവേരിളക്കുന്ന ലഹരി വിപത്തില്‍ നിന്ന് കുടുംബത്തേയും സമൂഹത്തേയും രക്ഷിക്കാന്‍  പിതാക്കന്മാര്‍ ശ്രദ്ധിക്കണമെന്നും ഓരോ ദിവസവും നാം കേള്‍ക്കുന്ന, ഇത്തരത്തിലുള്ള ഞടുക്കുന്ന വാര്‍ത്തകണ്ട് തളരാതെ കുടുംബത്തിന്റെയും, സഭയുടെയും, സമൂഹത്തിന്റെയും കാവലാളായി ഓരോ അപ്പനും മാറണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.   ഈശോയുടെ വളര്‍ത്തുപിതാവായ വി.യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം,  പിതൃവേദി രൂപതയില്‍ സ്ഥാപിതമായതിന്റെ രജതജൂബിലി  എന്നിവയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പിതൃസംഗമം ‘പിതൃഹൃദയത്തോടെ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സഭയാകുന്ന അമ്മയോട് ചേര്‍ന്ന് സമൂഹത്തിന്റെ ഉന്നമനത്തിനായി ഉറച്ച നിലപാടുകള്‍ എടുത്ത രൂപതയുടെ പ്രഥമ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പൗവ്വത്തില്‍ നമുക്ക് മാതൃകയാണെന്നും പിതാവിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ പിതാവിലൂടെ ലഭിച്ച നന്മകള്‍ക്കു നന്ദി പറയുവാനും സഭയോടു ചേര്‍ന്നു നിന്നുകൊണ്ട് നീങ്ങുവാനും പിതാവില്‍ നിന്നും ലഭിച്ച ബോധ്യങ്ങള്‍ ഉപകരിക്കട്ടെയെന്ന് മാര്‍ ജോസ് പുളിക്കല്‍  ഓര്‍മിപ്പിച്ചു. നമ്മുടെ രൂപതയില്‍ പല സംഘടനകളുണ്ടെങ്കിലും പിതാക്കന്മാര്‍ ക്കുവേണ്ടിയുള്ള ഏക സംഘടന പിതൃവേദിയാണെന്നും എല്ലാ ഇടവകകളിലും പിതൃവേദി ശക്തീകരിക്കണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ജൂബിലിവര്‍ഷം തിരിഞ്ഞുനോട്ടത്തിന്റെയും, നന്ദിപ്രകാശനത്തിന്റെയും, പുത്തന്‍തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെയും സമയമാണെന്നും ഏതെങ്കിലും മേഖലകളില്‍ വീഴ്ചയുണ്ടെങ്കില്‍ അതു തിരുത്തി കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ഒരുമിച്ചു മുന്നേറണമെന്നും പിതാവ് പറഞ്ഞു.

ഡോ.സാജു കൊച്ചുവീട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തിന് രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ സ്വാഗതം ആശംസിച്ചു. സെബാസ്റ്റ്യന്‍ താന്നിക്കല്‍, ഷിജോ തോണിയാങ്കല്‍ എന്നിവര്‍ സംസാരിച്ചു. റെജി കൈപ്പന്‍പ്ലാക്കല്‍ സംഗമത്തിന് നന്ദിയര്‍പ്പിച്ചു. ജോസഫ് നാമധാരികളായ എല്ലാ പിതാക്കന്മാരെയും യോഗമധ്യേ അനുമോദിച്ചു.  പിതാക്കന്മാരുടെ വിവിധ കലാപരിപാടികള്‍ സംഗമത്തിന് മിഴിവേകി.  രൂപതയിലെ പതിമൂന്നു ഫൊറോനാകളിലെ വിവിധ ഇടവകകളില്‍ നിന്നും സംഗമത്തിന് പിതൃവേദി അംഗങ്ങള്‍ എത്തിച്ചേര്‍ന്നു.

ഫോട്ടോ അടിക്കുറിപ്പ്

കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പിതൃസംഗമം ‘പിതൃഹൃദയത്തോടെ’ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, അസിസ്റ്റന്‍ ഡയറക്ടര്‍ ഫാ. തോമസ് പാലുകുന്നേല്‍ തുടങ്ങിയവര്‍ സമീപം.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!