തിരുവനന്തപുരം : കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ ഒരുക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വലപ്പാട് ഗവ. സ്‌കൂൾ ഗ്രൗണ്ട് നവീകരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രൈമറി തലത്തിൽ തയ്യാറാക്കുന്ന ഹെൽത്തി കിഡ്സ് പാഠപുസ്തകങ്ങളുടെ പരിശീലനം അവധിക്കാലത്ത് അധ്യാപകർക്ക് നൽകും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കായികരംഗത്തെ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ലഭ്യമാകുന്നതിന് പിജി കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ കായിക നയം രൂപീകരിച്ച് 196 പഞ്ചായത്തുകളിൽ കളിക്കളം നിർമ്മിച്ചു. നിരവധി പഞ്ചായത്തുകളിൽ നിർമ്മാണം പുരോഗമിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 49 സ്റ്റേഡിയങ്ങൾ നിർമ്മിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കായികാധ്യാപകരുടെ കുറവ് പരിഹരിക്കുന്നതിനായി തൃശൂർ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച രണ്ടു വിദ്യാലയങ്ങൾക്ക് ഒരു കായികാധ്യാപകൻ എന്ന മാതൃകാപദ്ധതി മുന്നോട്ടു വച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മന്ത്രി അനുമോദിച്ചു.
കായികരംഗത്തെ വികസനം ലക്ഷ്യമിട്ട് സംസ്ഥാന ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള കായിക താരങ്ങൾക്ക് ഓരോ വിദ്യാലയങ്ങളിലും പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കായിക പരിശീലനം നൽകുന്ന പ്രവൃത്തി നടന്നുവരികയാണ്. ഓരോ പഞ്ചായത്തിലും കളിക്കളങ്ങൾ ഒരുക്കി ഇത്തരം പദ്ധതികളിലൂടെ കായികരംഗത്ത് തൊഴിലും യുവ തലമുറയെ ലഹരിയിൽ നിന്ന് അകറ്റി കായിക ക്ഷമതയുള്ള ഒരു തലമുറയെ വാർത്തെടുക്കാനും സാധിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ വിഹിതവും സി.സി മുകുന്ദൻ എം എൽ എ യുടെ ആസ്തി ഫണ്ടും ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് ഗ്രൗണ്ട് നിർമ്മിക്കുന്നത്. ഫുട്‌ബോള്‍ കോര്‍ട്ട്, ഗാലറി, അക്രിലിക് ബാഡ്മിന്റണ്‍ കോര്‍ട്ട്, ക്രിക്കറ്റ് നെറ്റ്‌സ്, മൂന്ന് വരികളോടെ ഗാലറി, ആറ് മീറ്റര്‍ ഉയരത്തില്‍ നൈലോണ്‍ നെറ്റ് ഉപയോഗിച്ച് ഫെന്‍സിങ്ങ് എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ആധുനിക നിലവാരത്തിലുള്ള കുഷന്‍ ലെയര്‍ ഫുട്‌ബോള്‍ കോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നിർമാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സി.സി മുകുന്ദൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട് കേരള ഫൌണ്ടേഷൻ ചീഫ് എഞ്ചിനീയർ ഇപിഎം അഷ്‌റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയായി. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, എറണാകുളം ഡയറക്ടറേറ്റ് സ്പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ സി.എസ് രമേഷ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ സി.ആർ ഷൈൻ, വലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ ജിത്ത്, വാർഡ് മെമ്പർ ഇ.പി അജയഘോഷ്, വലപ്പാട് എ ഇ ഒ കെ.വി അമ്പിളി, തളിക്കുളം ബി ആർ സിയിലെ ബി പി സി ടി.വി ചിത്രകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.