ഇടുക്കി : വണ്ടിപ്പെരിയാർ ഗ്രാബിയിൽനിന്നു പിടികൂടിയ കടുവ ചത്തു. ദൗത്യത്തിനിടെ വെടിയേറ്റ കടുവ ചത്തതായി വനംവകുപ്പ് സ്ഥിരീകരിച്ചു.ഇന്ന് രാവിലെയാണ് ദൗത്യസംഘം കടുവയെ മയക്കുവെടിവച്ച് പിടികൂടിയത്. ഇന്ന് തോട്ടം തൊഴിലാളിയായ നാരായണന്റെ പശുവിനെ കടുവ കൊന്നിരുന്നു. കൂടാതെ, അയൽവാസി ബാലമുരുകന്റെ വളർത്തുനായയെയും കടുവ കടിച്ചുകൊന്നു.
മയക്കുവെടിവച്ചതിനു പിന്നാലെ കടുവ ദൗത്യസംഘത്തെ ആക്രമിച്ചിരുന്നു. ഇതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വയരക്ഷാർഥം കടുവയ്ക്കു നേരെ വെടിയുതിർത്തത്. ദൗത്യസംഘത്തിലെ മനു എന്ന ഉദ്യോഗസ്ഥനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാൾ ചികിത്സതേടി.കടുവ രണ്ട് ദിവസമായി വനംവകുപ്പിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. കടുവയുടെ കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളതായി നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നു.