പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. നാളെ മുതല്‍ പതിനെട്ടാംപടി കയറിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഫ്ളൈഓവര്‍ ഒഴിവാക്കി നേരിട്ട് ദര്‍ശന സൗകര്യം ഒരുക്കും. ഇതുമായി ബന്ധപ്പെട്ട താല്‍ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
നിര്‍മാണം ചൊവ്വാഴ്ച പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നീളുകയായിരുന്നു. പതിനെട്ടാം പടി കയറിയെത്തുന്ന തീര്‍ത്ഥാടകരെ കൊടിമരത്തിന്റെ ഇരു വശങ്ങളിലൂടെ ബലിക്കല്‍പ്പുര വഴി ശ്രീകോവിലിന് മുമ്പിലേക്ക് നേരിട്ടാണ് പ്രവേശിപ്പിക്കുക. ബലിക്കല്‍പുരയില്‍ നിന്ന് അകത്തേക്കു കടന്ന് രണ്ടു ക്യൂവിലായി 50 പേര്‍ക്ക് ഒരേസമയം ദര്‍ശനം നടത്താവുന്ന രീതിയിലാണ് പുതിയ ക്രമീകരണം.
രണ്ടു നിരകളെ വേര്‍തിരിക്കാനായി ഇരു സ്റ്റീല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇടയില്‍ നീളത്തില്‍ കാണിക്കവഞ്ചി സ്ഥാപിച്ചു കഴിഞ്ഞു. അതിനാല്‍ ഇത്തവണ ഭക്തര്‍ക്ക് കാണിക്കപ്പണം നേരിട്ട് തിരുമുമ്പില്‍ സമര്‍പ്പിക്കാനാകും. ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവര്‍ക്ക് വടക്കേനടയിലൂടെ ക്യൂവില്‍ പ്രവേശിച്ച് ദര്‍ശനം നടത്താം. അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേക ക്യൂവുണ്ടാകും.
തന്ത്രിയുടെ അനുജ്ഞയും ഹൈക്കോടതിയുടെ അനുമതിയും ലഭ്യമാക്കിയാണ് പുതിയ സംവിധാനത്തിന്റെ നിര്‍മാണ ജോലികള്‍ കഴിഞ്ഞ മാസം തുടങ്ങിയത്. മാസപൂജയില്‍ നടതുറന്നിരിക്കുന്ന അഞ്ചു ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ദര്‍ശനം അനുവദിച്ച ശേഷം ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനാണ് ബോര്‍ഡിന്റെ നീക്കം.
നാളെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറക്കും. 19ന് രാത്രി 10ന് നട അടയ്‌ക്കും. വെര്‍ച്വല്‍ ക്യൂവഴിയും സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്താം.