കോട്ടയം: കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാർച്ച് 15ന് രാവിലെ പത്തുമണിക്ക് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും പിന്തുണയോടെയാണ് സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വിദ്യാകിരണം നവകേരളം കർമ്മ പദ്ധതി സംസ്ഥാന അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ ഡോ.പി. രാമകൃഷ്ണൻ, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി, വൊക്കേഷണൽ ഹയർ സെക്കൻഡറി എ.ഡി.പി. നവീന, ഡയറ്റ് പ്രിൻസിപ്പാൾ സഫീനാ ബീഗം, ജില്ലാ വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ എം.ആർ. സുനിമോൾ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ കെ.ബി. ജയശങ്കർ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് എന്നിവർ പങ്കെടുക്കും.